തൊടുപുഴയിൽ മദ്യപിക്കാൻ പണം നല്കാത്തതിൽ പ്രകോപിതനായി യുവാവിനെ മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു; ചോരക്കണ്ണൻ സനൽ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: മദ്യപിക്കാൻ പണം നൽകാത്തതിൽ പ്രകോപിതനായി യുവാവിനെ മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തയാൾ പിടിയിൽ. ചോരക്കണ്ണൻ എന്ന് വിളിക്കപ്പെടുന്ന വെള്ളിയാമറ്റം ഇളംദേശം മേളക്കുന്നിൽ സനലിനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്‍തത്. നെടുങ്കണ്ടം തൂക്കുപാലം സ്വദേശിയായ യുവാവാണ് അതിക്രമത്തിനിരയായത്.

തൊടുപുഴയിൽ നിന്നും കട്ടപ്പനയ്‍ക്കുള്ള ബസ് സർവീസ് അവസാനിച്ചതോടെ കൂലിപ്പണിക്കാരനായ തൂക്കുപാലം സ്വദേശിയായ യുവാവ് ബസ് സ്റ്റാൻഡിൽ കുടുങ്ങി. ഈ സമയം അടുത്തെത്തിയ അപരിചിതൻ ബാർ അടയ്‍ക്കുന്നതിന് മുമ്പ് മദ്യപിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. യുവാവ് തന്റെ കൈയ്യിൽ പണം തരാനാകില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുപോകാൻ ശ്രമിച്ചപ്പോൾ അപരിചിതൻ യുവാവിന്റെ മുഖത്തും നെഞ്ചിലും പിടിച്ചുതള്ളുകയും പോക്കറ്റിൽനിന്ന് മൊബൈൽ ഫോൺ കൈക്കലാക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരിൽനിന്നും ഇത്തരത്തിൽ ഫോൺ എടുത്തിട്ടുണ്ടെന്ന് ഇയാൾ ഇതിനിടയിൽ പറയുന്നുണ്ടായിരുന്നു. പിറ്റേന്ന് യുവാവ് തൊടുപുഴ സ്റ്റേഷനിൽ പരാതിപ്പെട്ടു. അന്വേഷണത്തിൽ തൊടുപുഴ ടൗൺഹാളിന് പിൻവശത്ത് സമാനമായ കുറ്റകൃത്യം നേരത്തെയും നടത്തിയിട്ടുള്ള ചോരക്കണ്ണൻ എന്ന സനലാണ് ഇതെന്ന് പോലീസ് കണ്ടെത്തി.

ഇതിനിടെ മൊബൈൽ ഫോൺ ഇയാൾ വിറ്റിരുന്നു. മൊബൈൽ കട കണ്ടെത്തി ഫോൺ പരാതിക്കാരനെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിയെ കെഎസ്ആർടിസി സ്റ്റാൻഡിൽവച്ച് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ മൊബൈൽ കടയിലും അക്രമം നടത്തിയ സ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തൊടുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി സി വിഷ്ണു കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.