വ്യക്തി വൈരാഗ്യം..! തൊടുപുഴയിൽ അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ 30000 രൂപയ്ക്ക് ക്വട്ടേഷൻ..! പ്രതികളായ അമ്മയും മകളും ഒളിവിൽ; ജില്ല വിട്ടെന്ന് സംശയം..!
സ്വന്തം ലേഖകൻ
ഇടുക്കി: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ പ്രതികളായ അമ്മയും മകളും ഒളിവിൽ. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസിന് ഇവരെ കണ്ടെത്താനായില്ല.
തൊടുപുഴ ഇഞ്ചിയാനിയിലാണ് സംഭവം.
ഇഞ്ചിയാനിയിലെ 41 കാരി മിൽഖ, 20കാരി അനീറ്റ എന്നിവരെയാണ് പൊലീസ് തിരയുന്നത്. ഇവരുടെ അയൽവാസിയായ ഓമനക്കുട്ടന്‍റെ(44) കാല് തല്ലിയൊടിക്കാനാണ് ഇരുവരും ക്വട്ടേഷൻ നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച ഇരുവരും അടിമാലിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവർ മുങ്ങി. അടിമാലിയിലെ കടയിൽ സ്വർണം പണയം വെച്ചതായും പൊലീസിന് വ്യക്തമായി. മൂന്ന് ദിവസമായി മിൽഖയും അനീറ്റയും പൊലീസിന്‍റെ കണ്ണ് വെട്ടിച്ചു നടക്കുകയാണ്.
തൊടുപുഴയിൽനിന്ന് അടിമാലിയിലെ ബന്ധുവീട്ടിൽ ഇവർ എത്തിയ വിവരം അറിഞ്ഞ് തൊടുപുഴ പൊലീസ് ഇവിടെ എത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. ഇവർ എറണാകുളത്തേക്ക് കടന്നുകളഞ്ഞെന്നാണ് പൊലീസ് സംശയിക്കുന്നത്.
അയൽവാസിയും ബന്ധുവുമായ ഓമനക്കുട്ടനെ കഴിഞ്ഞ ബുധനാഴ്‍ചയാണ് ക്വട്ടേഷൻ സംഘം ക്രൂരമായി ആക്രമിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ ഓമനക്കുട്ടനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മുളകുപൊടി വിതറിയശേഷം ആക്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ 41കാരി മിൽഖ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന പൊലീസ് ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ചേരാനല്ലൂർ സ്വദേശിയായ സന്ദീപും സുഹൃത്തുമാണ് അറസ്റ്റിലായത്.
മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്തുക്കളാണ് ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. 30000 രൂപക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിരുന്നു.
വ്യക്തി വൈരാഗ്യത്തെ തുടർന്നായിരുന്നു അനീറ്റയും മിൽഖയും അയൽവാസിയായ ഓമനക്കുട്ടന്‍റെ കാൽ അടിച്ചൊടിക്കാൻ ക്വട്ടേഷൻ നൽകിയത്. തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.