തൃശൂർ ഭാഷയിലെ ചീത്തവിളി തുണയായി: കുപ്രസിദ്ധ ജുവലറി കൊള്ളക്കാരൻ ഒടുവിൽ പൊലീസ് പിടിയിലായി; പിടിയിലായത് കൊടുങ്ങല്ലൂർ സ്വദേശിയായ മോഷ്ടാവ്

Spread the love

തേർഡ് ഐ ബ്യൂറോ

കാസർകോട്: സ്വന്തം നാട്ടിലെ ഭാഷയിൽ ചീത്ത വിളിച്ചത് വലിയ കെണിയായി മാറിയതോടെ മോഷ്ടാവും കുടുങ്ങി. ഹൊസങ്കടിയിൽ രാജധാനി ജുവലറി കവർച്ചക്ക് എത്തിയ ഏഴംഗ സംഘത്തിലെ ഏക മലയാളിയുടെ ചീത്ത വിളിയാണ് ആ കവർച്ചാ സംഘത്തെ മുഴുവൻ കുടുക്കിയത്.

അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ കെ.പി സത്യേഷ് എന്ന കിരണിന്റെ (35) തൃശൂർ ഭീഷണിയുള്ള ചീത്തവിളിയാണ് സംഘത്തെ വലയിലാക്കാൻ പൊലീസിനു സഹായകമായത്. കേസിൽ കർണാടകക്കാരായ മറ്റു പ്രതികളെല്ലാം പൊലീസ് വലക്ക് പുറത്താണ്. കാസർകോട് ഡിവൈ.എസ്.പി.പി. ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇവർക്കായി കുരുക്ക് മുറുക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലായ് 26 ന് പുലർച്ചെ രണ്ടു മണിയോടെ ഇന്നോവ കാറിൽ കവർച്ചക്ക് എത്തിയ സംഘം ജുവലറിക്ക് അകത്ത് കയറാൻ കഴിയാതെ വിഷമിച്ചപ്പോൾ ആണ് സെക്യൂരിറ്റി ടി.അബ്ദുള്ളയെ കെട്ടിയിടാൻ പദ്ധതിയിട്ടത്. സെക്യൂരിറ്റിയെ തലക്കടിച്ച ശേഷമാണ് കസേരയിൽ കെട്ടിയിട്ടു പിറകിലേക്ക് തള്ളിയത്. അബ്ദുള്ള സംഘത്തോട് ബലംപിടിച്ചപ്പോൾ മലയാളത്തിൽ ഒരാൾ ചീത്ത വിളിച്ചിരുന്നു. ‘തൃശൂർ ഭാഷയിലാണ് ചീത്ത’ വിളിച്ചതെന്ന് മനസിലാക്കിയ അബ്ദുള്ള മൊഴിയെടുക്കുമ്പോൾ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞു.

ഇതാണ് കുപ്രസിദ്ധ കവർച്ചക്കാരനായ തൃശൂർ സ്വദേശിയിലേയ്ക്കു അന്വേഷണ സംഘത്തെ എത്തിച്ചത്. തൃശൂർ ഭാഷ സംസാരിക്കുന്ന മുഴുവൻ കവർച്ചക്കാരുടെയും ഹിസ്റ്ററി പരിശോധിച്ച ക്രൈം സ്‌ക്വാഡ് ഇവരിൽ പലരുടെയും പിന്നാലെ പോയി. കർണാടക സംഘത്തിന്റെ കൂടെ ചേർന്ന് മുമ്പ് കളവ് നടത്തുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുള്ള സത്യേഷിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാൻ സാധിച്ചത്.

എല്ലാ പ്രൊഫഷണൽ കവർച്ച സംഘത്തിന്റെയും ഉറ്റചങ്ങാതിയാണ് അതിമിടുക്കനായ ഈ മോഷ്ടാവ്. അതിസമർത്ഥമായി കവർച്ച നടത്തുകയും ഒളിത്താവളത്തിലേക്ക് മുങ്ങുകയും ചെയ്യുന്നതിൽ അസാമാന്യമായ വൈദഗ്ധ്യം തെളിയിച്ച കുറ്റവാളിയാണ് ഈ തൃശൂരുകാരനെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവാവിനെ ജുവലറി പരിസരത്ത് കുറെ തവണ കണ്ടതായി ഓർക്കുന്നുവെന്ന് രാജധാനി ജുവലറി ഉടമ കെ.എം അഷ്റഫ് പറഞ്ഞു.