
48 പള്ളിയോടങ്ങളുടെ അകമ്ബടിയോടെ തിരുവോണ തോണി എത്തി; ഇനി തിരുവോണസദ്യ
സ്വന്തം ലേഖകൻ
പത്തനംതിട്ട: തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണ തോണി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെത്തി.രാവിലെ ആറേകാലോടെ ക്ഷേത്രത്തിന്റെ വടക്കേകടവിലാണ് തിരുവോണ തോണി എത്തിച്ചേര്‍ന്നത്.വഞ്ചിപ്പാട്ടിന്റെ അകമ്ബടിയോടെ ക്ഷേത്ര ഭരണസമിതി തോണിയെ സ്വീകരിച്ചു.
ശേഷം മങ്ങാട്ട ഭട്ടതിരിയും കാട്ടൂരില്‍ നിന്നുള്ള 18 കുടുംബങ്ങളുടെ പ്രതിനിധികളും കൊണ്ടുവന്ന കാഴ്ച വസ്തുക്കള്‍ ശ്രീകോവിലിന് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു.48 പള്ളിയോടങ്ങളുടെ അകമ്ബടിയോടെയാണ് തിരുവോണ തോണിയെ സ്വീകരിച്ചത്. തിരുവോണ ദിനത്തില്‍ ആദ്യ സദ്യ ഉണ്ടാക്കുന്നത് കാട്ടൂരില്‍ നിന്നുള്ള സാധനങ്ങള്‍ കൊണ്ടാണ്. ക്ഷേത്രത്തിലെ ഇന്നത്തെ പ്രധാന ചടങ്ങ് തിരുവോണസദ്യ തയ്യാറാക്കലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവോണ ദിനത്തില്‍ മങ്ങാട്ട് ഭട്ടതിരി തിരുവോണ മുറില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന സദ്യയാണ് എന്നതാണ് വിശ്വാസം. ഈ സദ്യ കഴിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തില്‍ വള്ളസദ്യ നടക്കുകയാണ്.ഓണാഘോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ ഏറ്റവും പ്രാധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ആറന്മുള വള്ളസദ്യ.
ആറന്മുള പാര്‍ത്ഥസാരഥിയെ ദര്‍ശിച്ച ശേഷമാണ് സദ്യ ഉള്‍പ്പെടുന്ന മറ്റ് ചടങ്ങുകളിലേയ്‌ക്ക് കടക്കുന്നത്. തിരുവോണത്തിന് ശേഷം വരുന്ന ഉത്രട്ടാതിയാണ് ആറന്മുളയുടെ വലിയ ആഘോഷം. ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനാണ് ഉത്രട്ടാതി. പതിവില്‍ കൂടുതല്‍ തിരക്കായിരിക്കും അന്ന് അനുഭവപ്പെടുക.