
കോട്ടയം: പൊലീസ് സംശയിക്കുന്ന അമിത് ഉറാങ് (23) ജോലി തേടി കോട്ടയത്ത് വന്നത് എന്നാണെന്ന് പൊലീസിനു പോലും വ്യക്തമല്ല. മൂന്നു വർഷമായി വിജയകുമാറിൻ്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ഇയാൾ ജോലി ചെയ്തിരുന്നു. ഇതിനിടെയാണു വിജയകുമാറിൻ്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതും ഇതുപയോഗിച്ചു പണം തട്ടിയെടുത്തതും.
ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് വിലയിരുത്തുന്നു. അതേസമയം, അമിതിനെ ജാമ്യത്തിൽ ഇറക്കിയതിനു പിന്നിൽ ഒരു സംഘമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടക്കുന്നതിനിടെ സ്ഥലത്ത് എത്തിയവരിൽ സംശയിക്കേണ്ട ആളുകൾ ഉണ്ടോയെന്നും പൊലീസ് നിരീക്ഷിച്ചിരുന്നു. അക്രമിക്ക് മറ്റുള്ളവരുടെ സഹായം ലഭിച്ചെന്ന സംശയത്തിലായിരുന്നു നിരീക്ഷണം. ഇന്നലെ പുലർച്ചെ വരെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള ഒരു ലോഡ്ജിൽ അമിത് താമസിച്ചിരുന്നതായും പൊലീസിനു തെളിവുകൾ ലഭിച്ചു. 19ന് ആണു മുറിയെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാത്രി നിന്ന് മുറിയിൽനിന്ന് പുറത്തു പോയിട്ടുണ്ട്. തുടർന്ന് കൊലപാതകങ്ങൾ നടത്തിയിട്ട് പുലർച്ചെ ലോഡ്ജിലെത്തി സ്ഥലം വിട്ടതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഇയാളുടെ മൊബൈൽ ഫോണിൻ്റെ ലൊക്കേഷൻ കർണാടകത്തിൽ കണ്ടെത്തിയ പൊലീസ് സംഘം അങ്ങോട്ടു പുറപ്പെട്ടു. വിജയകുമാറിൻ്റെ വീടിൻ്റെ വാതിൽ പൊളിക്കാൻ അക്രമി വീടിന് പിന്നിൽ നിന്ന് അമ്മിക്കല്ല് എടുത്തെങ്കിലും ഭാരക്കൂടുതൽ കാരണം അത് വീടിനു മുന്നിൽത്തന്നെ ഇട്ടതായി കരുതുന്നു.
കോടാലി വീടിനു പിന്നിൽ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ നിന്നാണ് എടുത്തത്. വിജയകുമാറിൻ്റെ വീടിന്റെ മുൻവശത്തെ മതിലിലാണ് അമിത് എന്ന് കരികൊണ്ട് എഴുതിയതും ഇന്നലെ പൊലീസ് ശ്രദ്ധിച്ചു. അതേസമയം, ഇത് കുട്ടികൾ എഴുതിയതാകാമെന്നും നാട്ടുകാർ പറയുന്നു.