തിരുവാർപ്പിലെ ബസ് സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ ക്രൂരമായി തല്ലിച്ചതച്ചു; മാധ്യമസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ല; മുഖ്യമന്ത്രിക്ക് കത്തെഴുതി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ..!!
സ്വന്തം ലേഖകൻ
കോട്ടയം : തിരുവാർപ്പിലെ ബസ് സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ ക്രൂരമായി തല്ലിച്ചതച്ചു. ബസ്സുടമയും സിഐടിയു പ്രവർത്തകരും തമ്മിലുള്ള തർക്കം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാതൃഭൂമി ലേഖകൻ ശ്രീറാമിനെയാണ് സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചത്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി തിരുവാർപ്പിൽ വെട്ടിക്കുളങ്ങര ബസ്സുടമ രാജ്മോഹനും തൊഴിലാളികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് സമരം നടക്കുകയാണ്. ഇതിനിടയാലാണ് സിഐടിയു പ്രവർത്തകർ ബസ്സിനു മുന്നിൽ കൊടികൂത്തിയത്. ബസ് സർവീസ് നടത്താൻ ആകാതെ വന്നതോടെ ബസ്സുടമ രാജ്മോഹൻ വാഹനത്തിനു മുന്നിൽ ലോട്ടറി കച്ചവടവും തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെ ബസ്സിനു മുന്നിൽ ഷെഡ് കെട്ടി പ്രതിഷേധവുമായി സിഐടിയുവും രംഗത്തെത്തി. എന്നാൽ പോലീസ് സംരക്ഷണയിൽ ബസ് സർവീസ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. തുടർന്ന് ഇന്ന് രാവിലെ സർവീസ് പുനരാരംഭിക്കാൻ എത്തിയ ബസുടമയെ സിഐടിയു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ മാതൃഭൂമി റിപ്പോർട്ടർ ശ്രീറാം പകർത്തുകയും സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം എന്നോണം ഇന്ന് ഉച്ചയോടെ ശ്രീറാമിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ ശ്രീറാമിനെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ ക്രൂരമായി തല്ലിച്ചത് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ ശ്രീകുമാർ പറഞ്ഞു. മാധ്യമപ്രവർത്തനം നടത്തുന്നവരെ ഭീഷണിപ്പെടുത്തിയും തല്ലിച്ചതച്ചും പിന്തിരിപ്പിക്കാൻ ആവില്ലെന്ന് ജനറൽ സെക്രട്ടറി ഉമേഷ് കുമാർ തിരുവനന്തപുരവും പറഞ്ഞു. ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.