ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി സിഐടിയു പ്രവർത്തകർ ; കോട്ടയം തിരുവാർപ്പിൽ ബസ് സർവീസ് പുനരാരംഭിക്കാൻ എത്തിയ ഉടമയെ പൊലീസുകാർ നോക്കിനിൽക്കെ കയ്യേറ്റം ചെയ്തതായി ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം : ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി സിഐടിയു പ്രവർത്തകർ. തൊഴിൽ തർക്കത്തെ തുടർന്ന് കോട്ടയം തിരുവാർപ്പിൽ സി.ഐ.ടി.യു. കൊടികുത്തിയ ബസ് പോലീസ് സംരക്ഷണത്തോടെ ഓടിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും രക്ഷയില്ല.
ഞായറാഴ്ച രാവിലെ കോടതി ഉത്തരവ് അനുസരിച്ച് ബസ് ഓടിക്കാൻ എത്തിയ ഉടമയെയും ജീവനക്കാരെയും സി.ഐ.ടി.യു. പ്രവർത്തകർ തടഞ്ഞു. പോലീസുകാർ നോക്കിനിൽക്കെ ഉടമയെ കയ്യേറ്റം ചെയ്തതായും ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ആറരയോട് കൂടിയാണ് പോലീസിന്റെ സാന്നിധ്യത്തിൽ ബസ് ഓടിക്കുവാൻ ഉടമയും വ്യവസായിയുമായ രാജ്മോഹൻ എത്തിയത്. തുടർന്ന് തൊരണങ്ങളും കൊടിയും ബസ്സിൽ നിന്നും മാറ്റുന്നതിനിടയിൽ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്നാണ് ആരോപണം.
അതേസമയം ബസ്സുടമയുടെ ആരോപണങ്ങൾ ശുദ്ധ കളവാണെന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ പറഞ്ഞു.
കോട്ടയം ലേബർ ഓഫിസിൽ നടത്തിയ ചർച്ചയിൽ റൂട്ടിലെ കളക്ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ നിർദേശിച്ചിരുന്നു. എല്ലാ ബസ്സുടമകളും ഇത് അംഗീകരിച്ചെങ്കിലും രാജ്മോഹൻ ശമ്പള വർധന നടപ്പിലാക്കിയില്ല. ഇതാണ് തർക്കത്തിന് കാരണമെന്നാണ് പ്രസിഡന്റ് പറയുന്നത്.