തിരുവാർപ്പ്-ഇല്ലിക്കൽ റോഡ് ഉടൻ പുനർ നിർമ്മിക്കും: ഒന്നരക്കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
സ്വന്തം ലേഖകൻ
കോട്ടയം: പൈപ്പ് ലൈൻ പൊട്ടി മണ്ണൊലിച്ചു മീനച്ചിലാറിന്റെ തീരമിടിഞ്ഞു തിരുവാർപ്പ്- ഇല്ലിക്കൽ റോഡ് തകർന്നു ഗതാഗതം നിലച്ച് തിരുവാർപ്പ് ഒറ്റപ്പെട്ടു. റോഡ് ഗതാഗതം പുനസ്ഥാപിക്കുവാനും താൽക്കാലിക റോഡ് നിർമ്മിക്കുന്നതും അടക്കമുള്ള പ്രശ്ന പരിരാഹാരത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും അടിയന്തിരമായി ഇടപെട്ടു.
ആറ്റിലേക്കിടിഞ്ഞ ഭാഗത്ത് ബലവത്തായ അടിത്തറയും, സംരക്ഷണ ഭിത്തിയും പി.ഡബ്ല്യു.ഡി നിർമിക്കും. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് പൊതുമരാമത്തു മന്ത്രി ശ്രീ. ജി.സുധാകരൻ ഉറപ്പു നൽകി. സിപിഐഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, കെ.സുരേഷ് കറുപ്പ് എംഎൽഎ എന്നിവർ അറിയിച്ചതിനെ തുടർന്ന് ഉടൻ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ എക്സി.എൻജിനിയർക്ക് മന്ത്രി നിർദ്ദേശം നൽകി. അടിയന്തിര സഹായമായി ഒന്നരക്കോടി രൂപ അനുവദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേരിക്കൽ ഭാഗത്ത് നൂറ് മീറ്റർ നീളത്തിൽ താൽക്കാലിക റോഡ് നിർമിച്ച് മൂന്ന് ദിവസത്തിനകം ഗതാഗതം പുനസ്ഥാപിക്കും. അതിനായി റോഡരുകിൽ ചേരിക്കൽ ടെക്സ്റ്റയിൽസ് മുതലുള്ള നാലു വസ്തു ഉടമകൾ താൽകാലിക വഴിക്കായി 5 മീറ്റർ വീതിയിൽ സ്ഥലം നൽകി. താല്കാലികമായി ടാറിംഗും അവിടെ നടത്തും.
ദുരന്തനിവാരണ ഫണ്ടിൽ നിന്ന് വീടുകൾക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കാനും, താൽക്കാലിക റോഡ് നിർമാണത്തിന് ഫണ്ട് നൽകാനും നടപടികൾ സ്വീകരിക്കുന്നതായി സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അറിയിച്ചു.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാൻ കെഎസ്ഇബി ജോലികൾ ആരംഭിച്ചു. പുതിയ വൈദ്യുതി ലൈൻ റോഡിന്റെ പടിഞ്ഞാറ് അരികിലൂടെ വലിക്കാൻ അഞ്ചു മരങ്ങൾ ഉടമകളുടെ അനുവാദത്തോടെ മുറിച്ചു മാറ്റി.
വാട്ടർ അതോറിട്ടി ഒരു ദിവസം കൊണ്ട് തകരാറുകൾ പരിഹരിക്കും. നെല്ലുസംഭരണം മൂന്നു ദിവസത്തേക്ക് പതിനഞ്ചിൽകടവിലും, ചെങ്ങളത്തും വച്ച് വലിയ ലോറികളിൽ കയറ്റും. തുടർന്ന് താൽക്കാലിക റോഡ് തുറക്കും.വലിയ പാലം മുതൽ ചേരിക്കൽ വരെ ഏപ്രിൽ 20ന് മുമ്പായി ടാറിംഗ് നടത്തും.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജസി നൈനാൻ, സിപിഐഎം ജില്ലാ കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ, കൗൺസിലർ സി.റ്റി രാജേഷ്, ജില്ലാ പോലിസ് മേധാവി ജി. ജയ്ദേവ് ഉൾപ്പടെയുള്ളവർ സ്ഥലം സന്ദർശിച്ച് സുരക്ഷ പരിശോധിച്ചു. പോലിസ് നിയന്ത്രണം ഏർപ്പെടുത്തി.