തിരുവാർപ്പിലെ നെൽകൃഷി നാശത്തിലേക്ക് ; കളക്ടർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ല : ദുരിതത്തിലായ് കർഷകർ
തിരുവാർപ്പ് : നെൽ കൃഷി സംരക്ഷിക്കാൻ സാധിക്കാതെ ദുരിതത്തിലായ് തിരുവാർപ്പിലെ കർഷകർ. കൃഷി സംരക്ഷണത്തിനായി കളക്ടർക്ക് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നെൽ കൃഷി സംരക്ഷണത്തിനായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച തടയിണ ഷട്ടർ വ്യക്തി താൽപര്യത്ത് വേണ്ടി അടയ്ക്കാൻ സമ്മതിക്കാത്തതാണ് കൃഷിക്കാരെ വലയ്ക്കുന്നത്. തിരുവാർപ്പ് പഞ്ചായത്തിന്റെ രണ്ട് , മൂന്ന്, നാല്, അഞ്ച് വാർഡുകളിലായി 125 ഏക്കറും , അയ്മനം പഞ്ചായത്തിന്റെ 16-ാം വാർഡിൽ 50 ഏക്കർ എന്ന പ്രകാരവും പരന്നു കിടക്കുന്ന 175 ഏക്കർ തെരുവിൽ പള്ളിയാരി പറക്കരി പാടശേഖത്തിലെ കർഷകരാണ് കനിവ് തേടി ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും തങ്ങളുടെ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കളക്ടറോ പഞ്ചായത്ത് അധികാരികളോ തയ്യാറായിട്ടില്ലെന്ന് പാടശേഖര സമതി പ്രസിഡന്റ് രാജു മാത്യു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവാർപ്പ് പഞ്ചായത്തിന്റെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഷട്ടർ അടച്ചാൽ ചവറുകൾ അടിഞ്ഞു കൂടുമെന്ന കാരണത്താൽ 16 ഓളം വരുന്ന വീട്ടുകാരാണ് ഷട്ടർ അടയ്ക്കാൻ അനുവദിക്കാത്തതെന്ന് പാടശേഖര സമതി സെക്രട്ടറി രമ്യദേവ് പറഞ്ഞു.
കൃഷി ചെയ്യാൻ മറ്റ് മാർഗ്ഗം ഇല്ലാതെ 35000 രൂപ മുടക്കി ഷട്ടറിനോട് ചേർന്ന് ചാക്കുകളിൽ മണ്ണ് നിറച്ച് കർഷർ നിർമ്മിച്ച താൽക്കാലിക ബണ്ട് ഗുണകരമായ ഫലം നൽകുന്നില്ല. വെള്ളം വറ്റിക്കുന്നതിനായി രണ്ട് മോട്ടോർ തറകളും ഒരു പമ്പ് സെറ്റും സദാസമയവും പ്രവർത്തിക്കുന്നു , എന്നാൽ ചാക്ക് ബണ്ടിന്റെ ഇടയിലൂടെ വെളളം കയറുന്നതിനാൽ പാടശേഖരത്തിലെ വെള്ളം ആവശ്യമായ രീതിയിൽ വറ്റിക്കാൻ സാധിക്കുന്നില്ല.
താഴത്തങ്ങാടി ജുമാമസ്ജിദ്ദിന് സമീപത്തു നിന്നും പാടശേഖരത്തിലേയ്ക്ക് വെള്ളം എത്തിയ്ക്കുന്ന ജലാശയ കൈവഴിയിലാണ് എട്ടു ലക്ഷത്തിലധികം രൂപ ചിലവിട്ട് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഇറിഗേഷൻ മുഖാന്തിരം തടയിണ ഷട്ടർ നിർമ്മിച്ചിരിക്കുന്നത്. അടയ്ക്കാതെ ഇരിക്കാൻ ഷട്ടർ വെൽഡ് ചെയ്തു വച്ചിരിക്കുന്നു , വൈദ്യുതി ലൈനിനോട് ചേർന്ന് നിൽക്കുന്ന ഷട്ടർ മേൽക്കൂര , നിലം തൊടാതെ നിൽക്കുന്ന മേൽക്കൂരയുടെ തൂണുകൾ എന്നിവ നിർമ്മാണത്തിലെ അപാകതളുടെ നേർക്കാഴ്ചയാണ്.
നിർമ്മാണത്തിലെ അപാകത പരിഹരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ കൂടി അധികമായി വകയിരുത്തി നൽകിയതായി ബ്ലോക്ക് മെമ്പർ ജെസ്സി നൈനാൻ പറഞ്ഞു.
ഇനിയും വെള്ളം വറ്റിക്കാൻ വൈകിയാൽ120 ദിവസം വളർച്ച ആവശ്യമായ ഉമ നെൽച്ചെടികൾ അഴുകി നശിക്കും,കർഷകർ കടക്കെണിയിലേയ്ക്ക് തള്ളപ്പെടും.
പാടശേഖരം ബണ്ടിന്റെ അകത്തും പുറത്തുമായി താമസിക്കുന്ന 600 കുടംബങ്ങൾക്ക് ജലജന്യ രോഗഭീക്ഷണി , കരകൃഷികളായ കപ്പ , വാഴ , പച്ചക്കറി എന്നിവയും വെള്ളക്കെട്ടിൽ നശിക്കും.