video
play-sharp-fill

തിരുവനന്തപുരത്ത് ദമ്പതിമാർ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: ബാങ്ക് ജപ്തിയ്ക്ക് എത്തിയത് ഹൈക്കോടതി സ്‌റ്റേ നിലനിൽക്കുന്നതിനിടെ; നാടിനെ കണ്ണീരിലാഴ്ത്തി രാജനും അമ്പിളിയും നിയമത്തിനു മുന്നിൽ കത്തിത്തീർന്നു

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: നിയമം ചുട്ടുകൊന്ന അമ്പിളിയും രാജനും നാടിന്റെ കണ്ണീരായി മാറുന്നു. തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. നെയ്യാറ്റിൻകരയിൽ പൊലീസ് തർക്കഭൂമിയിൽ നിന്നും രാജനേയും കുടുംബത്തേയും ഇറക്കി വിടാൻ ശ്രമിച്ച അതേ ദിവസം തന്നെ  ഹൈക്കോടതി ഒഴിപ്പിക്കൽ തടഞ്ഞുള്ള സ്റ്റേ ഓർഡർ പുറപ്പെടുവിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.

തങ്ങളെ ഒഴിപ്പിക്കാൻ സ്ഥലം ഉടമ കോടതിവിധി നേടിയെന്നറിഞ്ഞതിന് പിന്നാലെ രാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് ഒഴിപ്പിക്കാൻ വരുന്ന അതേദിവസം തന്നെ സ്റ്റേ ഓർഡർ എത്തുമെന്നും രാജന് അറിയാമായിരുന്നു. സ്റ്റേ ഓർഡറിന്റെ പകർപ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിർത്താനാണ് രാജൻ പെട്രോളൊഴിച്ച് പ്രതിഷേധിക്കാൻ തുനിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഒഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചതറിഞ്ഞ സ്ഥലമുടമകൾ പൊലീസിനെ സ്വാധീനിച്ച് അതിനു മുൻപേ രാജനേയും കുടുംബത്തയും ഒഴിപ്പിക്കാൻ നീക്കം നടത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും ബന്ധുക്കൾ പറയുന്നു.

ഒഴിപ്പിക്കാനെത്തിയ പൊലീസുകാരെ തടയനായി ദേഹത്ത് പെട്രോഴിച്ച് രാജനും ഭാര്യ അമ്പിളിയും പ്രതിഷേധിച്ചിരുന്നു. ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം ലൈറ്റർ കത്തിക്കാനൊരുമ്പെട്ട രാജനെ പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ തീപടരുകയും ഇരുവർക്കും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.

75 ശതമാനം പൊള്ളലേറ്റ് വൃക്കകളുടെ പ്രവർത്തനം നിന്നതോടെ രാജൻ പുലർച്ചെ മരിച്ചു. വൈകുന്നേരം നെയ്യാറ്റിൻകരയിലെ തർക്കഭൂമിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ഭാര്യ അമ്പിളിയുടെ മരണവാർത്തയും സ്ഥിരീകരിച്ചത്. ഇതോടെ രാജൻ അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലും രജ്ഞിത്തും അനാഥരായി.

പൊലീസിനെതിരെ ഗുരുതര ആരോപണമാണ് നേരത്തെ രാജന്റെ മക്കൾ ഉന്നയിച്ചത്. പൊള്ളലേറ്റ ശേഷവും രാജനെയും ഭാര്യയും ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് തയ്യാറായില്ലെന്നും മക്കൾ ആരോപിക്കുന്നു. ആദ്യം നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ച രാജനെയും ഭാര്യയേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് വിളിക്കാൻ പോലും പൊലീസ് സഹായിച്ചില്ലെന്ന് മക്കൾ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭൂമി ഒഴിപ്പിക്കലിനിടെ രാജന് പൊള്ളലേറ്റത്. രാജൻ ഭൂമി കൈയേറിയെന്ന അയൽവാസിയായ വസന്തയുടെ ഹർജിയിലാണ് നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ വിധി വന്നത്. രാജൻ ഈ മാസം 22ന് കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു ഉത്തരവ്. കൈയേറ്റ ഭൂമിയിൽ നിന്നും രാജനെ ഒഴിപ്പിക്കാനായി നെയ്യാറ്റിൻകര എസ്ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും മൂന്ന് മക്കളും താമസിക്കുന്നത്.

തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ രാജനെ തടയാനാണ് പൊലീസ് ശ്രമിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും റൂറൽ എസ്പി ബി.അശോകൻ പറഞ്ഞു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും രാജന്റെ മക്കൾ പരാതി നൽകിയിട്ടുണ്ട്.