പുരോഗതിയും മാറ്റങ്ങളും ഉണ്ടാകണമെങ്കിൽ യുഡിഎഫ് വരണം: കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം കെ.സി. ജോസഫ്: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പനച്ചിക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും.

Spread the love

കോട്ടയം: നാടിന് പുരോഗതിയും മാറ്റങ്ങളും ഉണ്ടാകണമെങ്കിൽ യുഡിഎഫ് ഭരണത്തിലേക്ക് വരണമെന്ന് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം കെ.സി. ജോസഫ്. കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ കുമാരനല്ലൂർ മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തിൻറെ സമഗ്രമായ വികസനവും കേരളത്തിൻറെ മോചനവുമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

video
play-sharp-fill

തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ കോട്ടയം കണ്ടത് സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു. എന്നാൽ കഴിഞ്ഞ 10 കൊല്ലമായി കോട്ടയം അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാരുടെ എല്ലാ മണ്ഡലങ്ങളിലും വികസന ദാരിദ്ര്യമാണ്. കിഫ്ബി മുഖേന കോടികളുടെ വികസനം ഉണ്ടാക്കിയെന്ന് കെട്ടിഘോഷിക്കുമ്പോഴും പ്രതിപക്ഷ എംഎൽഎമാരെ ബോധപൂർവം അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകനാണ്. രാധാകൃഷ്ണൻറെ വിജയം കോട്ടയത്തിൻറെ വിജയമാണ്, ഈ നാടിൻറെ വിജയമാണ്, യുഡിഎഫിൻറെ തിരിച്ചുവരവാണ്. ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഒരു ചരിത്രവിജയം നൽകി, ഇന്നുവരെ കോട്ടയം കാണാത്ത വമ്പിച്ച ഭൂരിപക്ഷം നൽകി രാധാകൃഷ്ണനെ വിജയിപ്പിക്കണം. തിരുവഞ്ചൂർ വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോൾ തീർച്ചയായും കോട്ടയത്തിന് ശാപമോക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക ബാങ്കിൽ കേരളത്തെ ലേലം ചെയ്യുന്ന കാലത്തേക്ക് പിണറായി സർക്കാർ തള്ളിവിട്ടിരിക്കുന്നവെന്ന് തരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആറു ലക്ഷം കോടി രൂപ കടത്തിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് നമ്മൾ എല്ലാവരുടെയും പേരിലുണ്ട്. അടുത്ത തലമുറയുടെ പേരിലുണ്ട്. അവരെല്ലാം വേദനിച്ചിരിക്കുകയാണ്, എന്നിത് തീർക്കാൻ പറ്റുമെന്ന്. നമുക്കിത് മാറ്റണം.

മാറ്റുന്നതിനു വേണ്ടിയുള്ള സൃഷ്ടിപരമായ നിർദ്ദേശവുമായി നമ്മൾ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കിഴക്കേനടയിൽ നടന്ന യോഗത്തിൽ സാബു മാത്യു അധ്യക്ഷത വഹിച്ചു. എം.പി. സന്തോഷ് കുമാർ, കുഞ്ഞ് ഇല്ലംപള്ളി, ഫിലിപ്പ് ജോസഫ്, മോഹൻ കെ. നായർ, ജോയി ചെട്ടിശേരി, നന്ദിയോട് ബഷീർ, ടി.സി. അരുൺ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എൻ. ജയചന്ദ്രൻ,
ഷിബു ഹംസ റൂബി, ടി.സി. റോയി എന്നിവർ പ്രസംഗിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിച്ച് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മണ്ഡല പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം. കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നേർച്ചയിട്ടാണ് അദ്ദേഹം കുമാരനല്ലൂർ മണ്ഡലത്തിലെ പര്യടന പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്ഥാനാർഥി പര്യടനം ആരംഭിച്ചതോടെ കോട്ടയം നിയോജക മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കുമാരനല്ലൂർ മേഖലയിലെ വിവിധ പോയിന്റുകളിൽ സ്ഥാനാർഥിക്ക് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്. കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ കിഴക്കേനടയിൽനിന്ന് ആരംഭിച്ച പര്യടനം ചവിട്ടുവരി, പുത്തേട്ട്, ചൂരക്കാട്ടുപടി, കൊച്ചിപ്പടി, ഇളയിടം, നീലിമംഗലം എന്നിവിടങ്ങളിലൂടെ കടന്നുപോയി. എസ്എൻഎൽപിഎസ്, ശാസ്താവ് ക്ഷേത്രം, സെന്റ് ജോസഫ് ഹോം എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

മെഡിക്കൽ കോളജ്, പാറയ്ക്കൽ ജംഗ്ഷൻ, ചെമ്മനം പടി, പട്ടത്താനം, ഹൗസിംഗ് ബോർഡ് മേഖലകൾ പിന്നിട്ട് പര്യടനം കൈമുണ്ടൻ കാലാവഴിയിലൂടെ കണ്ണാതറപ്പടിയിലെത്തി. സംക്രാന്തി, പള്ളിപ്പുറം, ലക്ഷംവീട്, മാമൂട്, കുഴിയാലിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ നേരിൽ കണ്ടു. തുടർന്ന് അർത്യാകുളം, വെള്ളൂപറമ്പ്, കാഞ്ഞിരപ്പള്ളിപ്പടി, ഇരുകവല എന്നീ പോയിന്റുകളിലും പര്യടനം നടത്തി.

ഓരോ കേന്ദ്രങ്ങളിലും കുട്ടികളും വയോജനങ്ങളും വീട്ടമ്മമാരും ഉൾപ്പെടെ വൻ ജനാവലിയാണ് സ്ഥാനാർഥിയെ വരവേൽക്കാൻ എത്തിയത്. പൂച്ചെണ്ടുകൾ നൽകിയും ഷാൾ അണിയിച്ചും വോട്ടർമാർ തിരുവഞ്ചൂരിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു. യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ബൈക്ക് റാലി പര്യടനത്തിന് കൊഴുപ്പേകി. നൂറുകണക്കിന് യുവാക്കളാണ് ബൈക്കുകളിൽ സ്ഥാനാർഥിയെ അനുഗമിച്ചത്.

വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റു ഭാഗങ്ങളിലും സമാനമായ രീതിയിൽ വിപുലമായ പര്യടന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പനച്ചിക്കാട് മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും.