play-sharp-fill
ബാർ കോഴ അഴിമതി: സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം തിരുവഞ്ചൂരിനെതിരെ, സിപിഎം ചെളി വാരി എറിയുന്നു

ബാർ കോഴ അഴിമതി: സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം തിരുവഞ്ചൂരിനെതിരെ, സിപിഎം ചെളി വാരി എറിയുന്നു

 

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ കോട്ടയത്തുള്ള അനിമോന്റെ ബന്ധുവെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇയാള്‍ കോട്ടയത്ത് നിന്നുള്ള സിപിഐഎമ്മിന്റെ സ്റ്റേറ്റ് കമ്മിറ്റി അംഗമാണെന്നും തനിക്കെതിരെ രാഷ്ട്രീയ നീക്കം നടന്നാല്‍ ആ പേര് താന്‍ വിളിച്ചു പറയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

 

അനിമോന്റെ സഹോദരിയെ വിവാഹം കഴിച്ചത് ആരാണെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും. അനിമോനുമായി ആര്‍ക്കാണ് ബന്ധമുള്ളതെന്ന് സിപിഐഎം പറയണം. തന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് ഇതൊന്നും അറിയില്ല. ബാര്‍കോഴയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കൈകള്‍ ആരുടേതാണെന്ന് പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകനെ കൂടി വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആവശ്യമില്ലാതെ ചെളി വാരി എറിയുകയാണ് സിപിഐഎം.


 

അതേസമയം ബാര്‍ കോഴ വിവാദത്തില്‍ ക്രൈം ബ്രാഞ്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്തു. ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായതിനാലാണ് അര്‍ജുന്റെ മൊഴിയെടുക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കിയെന്ന് അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ തൃപ്തിയോടെയാണ് മടങ്ങിയത് എന്ന് തോന്നുന്നു. താന്‍ ബാറുടമകളുടെ ഗ്രൂപ്പില്‍ ഇല്ല. ക്രൈം ബ്രാഞ്ചിന് ചില കാര്യങ്ങളില്‍ വ്യക്തത വേണ്ടിയിരുന്നു. ആ ചോദ്യങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട പൗരന്‍ എന്ന നിലയ്ക്കുള്ള മറുപടി താന്‍ നല്‍കി. ഭാര്യാപിതാവിന്റെ ഫോണ്‍ താനല്ല ഉപയോഗിക്കുന്നതെന്നും അര്‍ജുന്‍ പറഞ്ഞു. അര്‍ജുന്‍ രാധാകൃഷ്ണന്റെ ഭാര്യാ പിതാവ് ബാര്‍ ഉടമയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മദ്യനയത്തിന് ഇളവുനല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ പിരിവെടുത്തെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. പണം ആവശ്യപ്പെട്ടുകൊണ്ട് ബാര്‍ ഉടമ അനിമോന്‍ അയച്ച ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഡ്രൈ ഡേ പിന്‍വലിക്കല്‍, ബാര്‍ പ്രവര്‍ത്തന സമയം കൂട്ടല്‍ തുടങ്ങിയവ സര്‍ക്കാര്‍ ചെയ്തു തരുമ്പോള്‍ തിരികെ എന്തെങ്കിലും ചെയ്യണം അതിനായി പണപ്പിരിവ് വേണമെന്നായിരുന്നു ബാറുടമ അനിമോന്റെ ശബ്ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

 

എന്നാല്‍, ആരോപണം നിഷേധിക്കുകയാണ് ബാര്‍ ഉടമകളുടെ സംഘടന. തിരുവനന്തപുരത്ത് സംഘടനയുടെ ഓഫീസ് കെട്ടിടം പണിയാനാണ് പണപ്പിരിവ് നടത്തിയതെന്നും സംഘടനയിലെ അഭിപ്രായവ്യത്യാസങ്ങളാണ് വിവാദത്തിന് കാരണമെന്നുമാണ് ഭാരവാഹികളുടെ നിലപാട്. പിന്നാലെ ശബ്ദ സന്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും രംഗത്തെത്തി.