play-sharp-fill
സംസ്ഥാനത്ത് ഗതാഗതനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വിവിധ കുറ്റങ്ങള്‍ക്ക് ഡ്രൈവിങ് ലൈസൻസ് നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധന ; ലൈസൻസ് നഷ്ടമായത് 17,545 പേര്‍ക്ക്

സംസ്ഥാനത്ത് ഗതാഗതനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വിവിധ കുറ്റങ്ങള്‍ക്ക് ഡ്രൈവിങ് ലൈസൻസ് നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധന ; ലൈസൻസ് നഷ്ടമായത് 17,545 പേര്‍ക്ക്

 

തിരുവനന്തപുരം: ഈ വര്‍ഷം സെപ്റ്റംബര്‍വരെ 17,545 പേരുടെ ലൈസൻസാണ് വിവിധ കുറ്റങ്ങള്‍ക്ക് മോട്ടോര്‍വാഹനവകുപ്പ് സസ്പെൻഡ് ചെയ്തത്. എ.ഐ. ക്യാമറകള്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍കൂടി പരിഗണിക്കുമ്ബോള്‍ ഇത് 23,000 കവിയും.ഇത്രയധികം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് ഇതാദ്യമാണ്. 2022-ല്‍ 13,078 ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.

 

 

 

 

കോവിഡ് കാലഘട്ടമായ 2020-21ല്‍ ആയിരത്തില്‍ താഴെയായിരുന്നു. അതിനുമുമ്ബുള്ള വര്‍ഷങ്ങളില്‍ 4000-ല്‍ താഴെയും. എന്നാല്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഈ വര്‍ഷം ലൈസൻസ് നഷ്ടമായവരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു.2019ല്‍ കേന്ദ്രമോട്ടോര്‍വാഹനനിയമ ഭേദഗതിക്കുശേഷമാണ് ശിക്ഷ  കര്‍ശനമാക്കിയത്.ചുവപ്പുസിഗ്‌നല്‍ അവഗണിച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാം. ജൂണിലാണ് എ.ഐ. ക്യാമറകള്‍ വന്നത്. ഒരാള്‍തന്നെ കുറ്റം ആവര്‍ത്തിച്ചെന്ന് ചിത്രങ്ങളിലൂടെ കണ്ടെത്താൻ പറ്റും.

 

 

 

ഡ്രൈവറെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടീസ് അയക്കും. വാഹനം ഓടിച്ചയാളെ എത്തിച്ചില്ലെങ്കില്‍ ഉടമയ്ക്കെതിരേ നടപടിയുണ്ടാകും.പൊലീസും മോട്ടോര്‍വാഹനവകുപ്പും എടുക്കുന്ന കേസുകള്‍ക്ക് പുറമേ, കോടതികളും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നുണ്ട്. മൂന്നുമാസംമുതല്‍ ഒരുവര്‍ഷംവരെയാണ് സാധാരണ സസ്പെൻഷൻ കാലാവധി. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടിയാക്കും. സസ്പെൻഷൻ ഉത്തരവ് രജിസ്ട്രേഡ് തപാലില്‍ ലഭിക്കും. ശിക്ഷാകാലയളവില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശീലനക്ലാസില്‍ പങ്കെടുത്താല്‍ മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

24 നിയമലംഘനങ്ങളില്‍ ലൈസൻസ് നഷ്ടമാകാം. യാത്രക്കാരോട് മോശമായി പെരുമാറുക, അമിതനിരക്ക് ഈടാക്കുക, മദ്യം മയക്കുമരുന്ന് ഉപയോഗം – കടത്തല്‍, വാഹനമോഷണം, അമിതഭാരം, അതിവേഗം, വാഹനമോടിക്കുമ്ബോള്‍ പുകവലിക്കുക, ഗതാഗതതടസ്സം ഉണ്ടാക്കുംവിധം വാഹനം ഉപേക്ഷിക്കുക, അപകടകരമായ രീതിയില്‍ യാത്രക്കാരെ കയറ്റുക, സ്റ്റോപ്പില്‍ നിര്‍ത്താതിരിക്കുക എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.ഇതിനുപുറമേ, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈല്‍ഫോണ്‍ ഉപയോഗം തുടങ്ങിയ 22 കുറ്റങ്ങള്‍ കോടതിക്ക് കൈമാറും. ഇതിലും ലൈസൻസ് നഷ്ടമാകും.