
സ്വന്തം ലേഖകൻ
കൊല്ലം: എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് ആരോപണം. കൊല്ലം ചടയമംഗലം സ്വദേശി 32-കാരി അശ്വതിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അശ്വതി പ്രസവത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു യുവതി ആദ്യം ചികിത്സ തേടിയത്. കുഞ്ഞിന് വളർച്ച കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. കുട്ടിയെയും അമ്മയെയും വാർഡിലേക്ക് മാറ്റി. രാത്രിയോടെ അശ്വതിക്ക് വയറുവേദനയുണ്ടായി. ശസ്ത്രക്രിയ നടന്നതിന്റെ പിറ്റേ ദിവസം വീണ്ടും ശസ്ത്രക്രിയയ്‌ക്ക് വിധേയാക്കി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ആശുപത്രിക്കെതിരെ അശ്വതിയുടെ കുടുംബം ആരോപണം ഉന്നയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അശ്വതിയുടെ സഹോദരനാണ് പോലീസിൽ പരാതി നൽകിയത്. പോസ്റ്റുമോർട്ടത്തിൽ മരണകാരണം വ്യക്തമല്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിൽ ഡോക്ടർമാർക്ക് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. കുട്ടി ആശുപത്രിയിൽ പരിചരണത്തിൽ തുടരുകയാണ്.