
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി; അഭിമാനമായി തിരുവനന്തപുരം റീജണല്‍ കാൻസർ സെന്റർ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജണല്‍ കാൻസർ സെന്ററില്‍ കാൻസറിന് റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി.
ആർസിസിയിലെ സർജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ മൂന്നുവയസ്സുകാരന് റോബോട്ടിക് സർജറി നടത്തിയത്.
ഇടത് അഡ്രീനല്‍ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീർണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യതയ്ക്കും മികച്ച ഫലത്തിനും പേരുകേട്ട റോബോട്ടിക് സർജറിക്കു രോഗിയുടെ വേദന കുറയ്ക്കുക, രക്തസ്രാവം കുറയ്ക്കുക, വേഗത്തിലുള്ള രോഗമുക്തി എന്നിവ ഉള്‍പ്പെടെ നിരവധി ഗുണങ്ങളുണ്ട്.
പീഡിയാട്രിക് റോബോട്ടിക് സർജറി വിജയകരമായി നടത്തിയ ആർസിസിയിലെ മുഴുവൻ ടീം അംഗങ്ങളെയും മന്ത്രി വീണാജോർജ് അഭിനന്ദിച്ചു.
ഡോ. ഷാജി തോമസ്, ഡോ. ശിവരഞ്ജിത്ത്, ഡോ. അശ്വിൻ, ഡോ. ദിനേശ്, ഡോ. മേരി തോമസ്, ഡോ. പ്രിയ, ഹെഡ് നഴ്സ് ഇന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് സർജറിക്കു നേതൃത്വം നല്‍കിയത്.