
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിലും രോഗിയുടെ പരാതിയിലുമാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് രണ്ടുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണം. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളില്‍ നിന്നും നിയമാനുസൃതം ഈടാക്കാവുന്നതാണ്.
ലിഫ്റ്റിന്റെ സർവ്വീസ് നടത്തുന്ന കമ്ബനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവർക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. നഷ്ടപരിഹാരം നല്‍കിയ ശേഷം നടപടി റിപ്പോർട്ട് കമ്മീഷൻ ഓഫീസില്‍ സമർപ്പിക്കണം.രവീന്ദ്രൻ നായർക്ക് ലിഫ്റ്റില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നല്‍കണം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ആവശ്യമുണ്ടെങ്കില്‍ അതും ലഭ്യമാക്കണമെന്നും അലക്സാണ്ടർ തോമസ് ഉത്തരവില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രവീന്ദ്രൻ നായർ കഴിഞ്ഞ വർഷം ജൂലൈ 13 ന് രാവിലെ 11.15 മുതല്‍ ജൂലൈ 15 രാവിലെ 6 വരെ ലിഫ്റ്റില്‍ കുടുങ്ങിയെന്ന വസ്തുതയില്‍ എതിർകക്ഷികള്‍ക്ക് തർക്കമില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോർഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കല്‍ കോളേജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല.
ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാല്‍ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. അപ്പോള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ദിവസവും ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കല്‍ കോളേജില്‍ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മീഷൻ കാണുന്നു.
രവീന്ദ്രൻ നായരുടെ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്നസംഭവത്തില്‍ ജീവനക്കാരുടെ ഉത്തരവാദിത്വം പോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാൻ പരാതിക്കാരന് അർഹതയുണ്ടെങ്കിലും ആവശ്യപ്പെട്ട തുക യുക്തിസഹമല്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവില്‍ പറഞ്ഞു.



