
തിരുവനന്തപുരം: ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജയില്‍ ഡി.ഐ.ജി പി. അജയകുമാർ രംഗത്ത്.
തടവുകാരില്‍നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സസ്പെൻഡ് ചെയ്യപ്പെട്ട എം.കെ. വിനോദ് കുമാറിന്റെ അഴിമതിയുടെ വിഹിതം ബല്‍റാം കുമാർ ഉപാധ്യായക്കും ലഭിച്ചെന്നാണ് ആരോപണം.
എം.കെ. വിനോദ് കുമാറും ബല്‍റാം കുമാറും തമ്മില്‍ അടുത്ത ബന്ധമുണ്ട്. വിനോദ് കുമാറിനെതിരെ പരാതി നല്‍കിയതിന് ബല്‍റാം കുമാർ ഉപാധ്യായ തന്നോട് വൈരാഗ്യത്തോടെ പെരുമാറിയെന്ന് അദ്ദേഹം ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരോള്‍ അനുവദിക്കുന്നതിനുള്‍പ്പെടെ തടവുകാരില്‍നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്നാണ് എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ജയില്‍ മേധാവിക്കും സംഭവത്തില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
ടി.പി കേസ് പ്രതികള്‍ക്ക് പരോള്‍ നല്കിയ സംഭവങ്ങള്‍ക്ക് പിന്നിലും എം.കെ. വിനോദ്കുമാർ-ബല്‍റാം കുമാർ ഉപാധ്യായ കൂട്ടുകെട്ടാണ്. വിയ്യൂർ ജയിലില്‍ കലാപമുണ്ടാക്കിയത് ഉള്‍പ്പെടെ കുറ്റങ്ങള്‍ ചെയ്തിട്ടും കൊടിസുനിക്ക് പരോള്‍ ലഭിച്ചിരുന്നു. ജയില്‍ സൂപ്രണ്ട്, പൊലീസ് എന്നിവരുടെ റിപ്പോർട്ടുകള്‍ ഇതിനായി അട്ടിമറിച്ചെന്നും പി. അജയകുമാർ ആരോപിക്കുന്നു. വിനോദ് കുമാറിനെതിരെ പരാതി നല്‍കിയതിന് തന്നെ ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും പെന്ഷന് ആനുകൂല്യം പോലും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായ രംഗത്തെത്തി. തന്നെ ലക്ഷ്യമിട്ട് ആക്രമിക്കുന്നെന്നും പി. അജയകുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജയിലിലെ പ്രവർത്തനങ്ങള്‍ നിയമാനുസൃതമാണ്.
ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലില്‍ വി.ഐ.പി സൗകര്യവും അനധികൃത സന്ദർശനവും ഒരുക്കിയതിന് സസ്പെൻഷനിലായ വ്യക്തിയാണ് പി. അജയകുമാർ. ആ വൈരാഗ്യം തീർക്കലാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ബല്‍റാം കുമാർ ഉപാധ്യായ പറഞ്ഞു.



