video
play-sharp-fill

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ വൻ ലഹരി വേട്ട; 700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടിച്ചെടുത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ വൻ ലഹരി വേട്ട; 700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടിച്ചെടുത്തു

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വൻ ലഹരി വേട്ട. ഇന്നോവ കാറില്‍ കടത്തിക്കൊണ്ട് വന്ന 700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് പിടിച്ചെടുത്തു.

കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) എന്നയാളാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ട് വന്നത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിള്‍ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഐബി ടീമിന്റെയും കെഇഎംയു ടീമിന്റെയും സഹായത്തോടെയാണ് എക്സൈസ് സംഘം റഫീഖിനെ പിടികൂടിയത്.

 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനക്കിടെ എത്തിയ ഇന്നോവ കാറിന് ഉദ്യോഗസ്ഥർ കൈ കാണിച്ചു. എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച്‌ പരിക്കേല്‍പ്പിക്കുകയും തുടർന്ന് ഓടി പോകാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ സാഹസികമായി എക്സൈസ് സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതിനിടെ കഴിഞ്ഞ ദിവസം ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയില്‍ ബാലരാമപുരത്ത് കാറില്‍ കടത്തിക്കൊണ്ട് വന്ന 9 കിലോയിലധികം കഞ്ചാവും എക്സൈസ് പിടികൂടി. വെങ്ങാനൂർ സ്വദേശികളായ ആദർശ്, വൈഷ്ണവ് എന്നിവരാണ് കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. ആദർശിനെ എക്സൈസ് അറസ്റ്റ് ചെയ്യുകയും രക്ഷപ്പെട്ടോടിയ രണ്ടാം പ്രതി വൈഷ്ണവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയില്‍ എടുത്തു.

 

തിരുപുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എ.ബിനു, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്.ആർ.എസ്, വിജേഷ്.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബൈജു, സിവില്‍ എക്സൈസ് ഓഫീസർമാരായ എസ്.പ്രശാന്ത് ലാല്‍, ഹരിപ്രസാദ്, ഹരികൃഷ്ണൻ, വനിത സിവില്‍ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ സനല്‍കുമാർ എന്നിവരും കേസ് കണ്ടെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.

 

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി അടിമാലിയില്‍ എക്സൈസ് നടത്തിയ റെയ്‌ഡില്‍ 4 കിലോഗ്രാമിലധികം കഞ്ചാവും പിടികൂടി. അനില്‍ ഫ്രാൻസിസ് എന്നയാളാണ് കഞ്ചാവുമായി പിടിയിലായത്. ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ.ടി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ നെബു.എ.സി, ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ.കെ.എൻ, ജലീല്‍.പി.എം, സിവില്‍ എക്സൈസ് ഓഫീസർമാരായ അനൂപ്.പി.ജോസഫ്, ആല്‍ബിൻ ജോസ്, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി.പി.കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.