video
play-sharp-fill

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

Spread the love

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ചടങ്ങിലെത്തിയ പ്രധാനമന്ത്രിയെ ഗൗതം അദാനി പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. മെമന്റോയും കൈമാറി. ശേഷം, തുറമുഖ മന്ത്രി വിഎൻ വാസവൻ ആശംസാ പ്രസംഗം നടത്തി. കാലം കാത്തുവച്ച കർമയോഗി എന്നാണ് വിഎൻ വാസവൻ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ചത്. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്ന് പറഞ്ഞിടത്ത് എല്ലാം സാദ്ധ്യമാകും എന്ന വാക്ക് അർത്ഥപൂർണമാക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയും ഇടതുസർക്കാരും പദ്ധതിയില്‍ നിർവഹിച്ചതെന്നും വാസവൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്‌മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. അങ്ങനെ നമ്മള്‍ എല്ലാം നേടി. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂർത്തിയാക്കാനുള്ള ഊർജം നല്‍കിയത് നാടിന്റെ ഐക്യവും ഒരുമയുമാണ്. തുറമുഖ ചെലവിന്റെ ഏറിയ പങ്കും വഹിച്ചത് സംസ്ഥാനമാണ്. കേരളത്തിന് പുതുയുഗത്തിന്റെ പിറവിയാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്ന് ഹെലികോപ്ടറില്‍ വിഴിഞ്ഞത്തെത്തിയ മോദി തുറമുഖം നടന്ന് കണ്ടു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചടങ്ങില്‍ മൂന്നുപേർക്ക് മാത്രമാണ് സംസാരിക്കാനവസരമുണ്ടായിരുന്നത്. കമ്മീഷനിംഗിന് ചടങ്ങിന് ശേഷം, 11.15 മുതല്‍ 12 മണി വരെ പ്രധാനമന്ത്രി പ്രസംഗിക്കും.

 

മന്ത്രിമാരും രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് ജനങ്ങളാണ് അഭിമാന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനായി വിഴിഞ്ഞത്തെത്തിയത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്‌ആർടിസിയുടെ പ്രത്യേക സർവീസ് നടത്തിയിരുന്നു. നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

 

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഴുതറ്റ സുരക്ഷയാണ് നഗരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. നഗരത്തിലും അനുബന്ധ റോഡുകളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങില്‍ പതിനായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. ഇവർക്ക് പൊലീസ് സുരക്ഷാപാസ് നല്‍കി.