
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് തിരുവനന്തപുരം കോർപറേഷൻ 20 ലക്ഷം രൂപ പിഴ ചുമത്തി.
ബോർഡുകള്‍ നീക്കണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് ബിജെപി ഭരിക്കുന്ന കോർപറേഷൻ തന്നെ പാർട്ടിക്കെതിരെ നടപടി സ്വീകരിച്ചത്.
ബുധനും വ്യാഴവും ദിവസങ്ങളിലായി പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട ബോർഡുകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
നടപ്പാതകള്‍ക്കും ഡിവൈഡറുകള്‍ക്കും കുറുകെ ബോർഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതികളുയർന്നതോടെ, രണ്ട് മണിക്കൂറിനുള്ളില്‍ അവ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് കോർപറേഷൻ കത്ത് നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപ്പാത തടഞ്ഞ ബോർഡുകള്‍ ചിലത് മാറ്റിയതൊഴിച്ചാല്‍, മറ്റൊന്നും നീക്കുന്നതില്‍ പാർട്ടി കാര്യമായ നടപടി സ്വീകരിച്ചില്ല. ഇതിനെ തുടർന്ന് വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള റോഡില്‍ സ്ഥാപിച്ച ബോർഡുകളും ബാനറുകളും കോർപറേഷൻ വിശദമായി എണ്ണിത്തിട്ടപ്പെടുത്തി. ഈ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് കോർപറേഷൻ സെക്രട്ടറി പിഴ നോട്ടിസ് നല്‍കിയത്.
ആദ്യ നോട്ടിസിന് മറുപടി ലഭിക്കാത്ത പക്ഷം രണ്ടാമത് നോട്ടിസ് നല്‍കും. അതിനും പ്രതികരണം ഉണ്ടായില്ലെങ്കില്‍ രണ്ട് ഘട്ട ഹിയറിങ് നടത്തുകയും, തുടർന്നും അനുസരണമില്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്നും റവന്യു വിഭാഗം വ്യക്തമാക്കി.



