
സ്വന്തം ലേഖകൻ
തിരുവല്ല : വള്ളംകുളത്ത് വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കമ്പി വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ.
ചങ്ങനാശേരി മാമ്മൂട് ചൂരപ്പാടി പാലമറ്റം കോളനിയില്‍ ജിഷ്ണു (മനു-26), ഇയാളുടെ സഹോദരന്‍ ജിതിന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. വള്ളംകുളം ഈസ്റ്റ് ശ്രീകണ്ഠ സദനത്തില്‍ ശശിധരന്‍ നായരെ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയും ഭാര്യ സോണിയെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ശേഷം പ്രതികൾ ഒളിവില്‍ പോയ പ്രതികളെ കാവാലത്തെ ബന്ധുവീട്ടില്‍ നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ ഒന്നാം പ്രതിയായ വള്ളംകുളം അംബേദ്ക്കര്‍ കോളനിയില്‍ പ്രദീപ് (43) നെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പ്രദീപിന്റെ അടുത്ത ബന്ധുക്കളാണ് പിടിയിലായ ജിഷ്ണുവും ജിതിനും.
ശശിധരന്‍ നായരും പ്രദീപിന്റെ അയല്‍വാസിയും തമ്മില്‍ നിലം നികത്തലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വീട് കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പിടിയിലായ ജിഷ്ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പോലീസ് സ്‌റ്റേഷനുകളില്‍ വധശ്രമമടക്കം മൂന്ന് കേസുകളും ചങ്ങനാശ്ശേരി എക്‌സൈസ് ഓഫീസില്‍ കഞ്ചാവ് കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.



