തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന് പരാതി; വേഷം മാറിയെത്തി പത്തനംതിട്ട ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം; ഒടുവിൽ ഡ്രൈവർമാർക്ക് പൂട്ട് വീണു
തിരുവല്ല: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ ചിലര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതികളില്‍ നേരിട്ട് ഇടപെട്ട് മോട്ടോര്‍ വാഹനവകുപ്പ്.
പത്തനംതിട്ട ആര്‍ടിഒ എച്ച്. അന്‍സാരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം വേഷം മാറിയെത്തിയാണ് പരാതികള്‍ സത്യമാണെന്നു ബോധ്യപ്പെട്ടത്.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോറിക്ഷകള്‍ ചെറിയ ഓട്ടം പോകാന്‍ മടിക്കുന്നുവെന്നതായിരുന്നു പ്രധാന പരാതി. അമിതചാര്‍ജ് ഈടാക്കുന്നതായും പരാതികളുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതനുസരിച്ച് യാത്രക്കാരെന്ന ഭാവത്തില്‍ ഓട്ടോറിക്ഷ പിടിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ഡ്രൈവര്‍മാര്‍ ടൗണ്‍ വരെയുള്ള ഓട്ടത്തിനിടെ നിഷേധാത്മക നിലപാട് സ്വീകരിച്ചു.
നഗരത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കയറിയ ഉദ്യോഗസ്ഥരുമായി അധികദൂരം സഞ്ചരിച്ച് അമിത ചാര്‍ജ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. യാത്രകള്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ തിരികെ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ഡ്രൈവര്‍മാര്‍ക്ക് അബദ്ധം പിടികിട്ടിയത്.
അപമര്യാദയായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. ഗതാഗതമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയുമായി രംഗത്തെത്തിയത്.