
പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായിട്ടില്ല. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല. കാണാതായ ഓഗസ്റ്റ് പതിനേഴാം തീയതി തൃശ്ശൂരിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. എന്നാൽ അവിടെ നിന്ന് എങ്ങോട്ട് പോയി എന്ന കാര്യത്തിന് പൊലീസിന് വ്യക്തതയില്ല. അതേസമയം, റീനയുടെ ഭർത്താവ് ജീവനൊടുക്കിയതിൽ പൊലീസിനെതിരെ കുടുംബം ഉടൻ എസ്പിക്ക് പരാതി നൽകും. തിരോധാന കേസന്വേഷണത്തിന്റെ പേരിൽ അനീഷിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.
തിരോധാന കേസ് അന്വേഷണത്തിന്‍റെ പേരിൽ പൊലീസ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പുളിക്കീഴ് പൊലീസും പ്രത്യേക അന്വേഷണസംഘവും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷിന്‍റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ, മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നും അനീഷിനെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘം വിശദീകരിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് കവിയൂരിലെ സ്വന്തം വീട്ടിൽ അനീഷ് മാത്യുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 17 ആം തീയതി മുതലാണ് അനീഷിന്‍റെ ഭാര്യ റീനയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതാവുന്നത്. റീനയുടെ സഹോദരന്‍റെ പരാതിയിൽ കേസെടുത്ത പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും മൂവരയും കണ്ടെത്താനായില്ല. പിന്നീട് പ്രത്യേക പൊലീസ് സംഘത്തെ എസ്പി നിയോഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയെയും മക്കളെയും കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് അനീഷ് വിവരം അറിയിച്ചതെന്ന് റീനയുടെ കുടുംബം പറഞ്ഞിരുന്നു. ഈ സംശയങ്ങളിൽ ഊന്നിയായിരുന്നു പൊലീസിന്‍റെ ആദ്യ അന്വേഷണം. നിരണത്തെ വാടകവീട്ടിൽ നിന്നും തിരുവല്ല നഗരത്തിൽ എത്തിയ റീനയുടെയും മക്കളുടെയും സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. തുടർന്ന് തൃശ്യൂർ ഭാഗത്ത് ഇവർ എത്തിയെന്ന സൂചന ലഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തിരോധാന കേസിൽ അനീഷിനെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും ദുരൂഹത ഏറെയുള്ള കേസാണെന്നും പ്രത്യേക അന്വേഷണസംഘം പറയുന്നു. റീനയും അനീഷും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോടതി വരെ എത്തിയ തർക്കം പിന്നീട് ബന്ധുക്കൾ ഇടപെട്ടാണ് പരിഹരിച്ചത്.