തിരുവല്ല ഗവ. ആശുപത്രിയുടെ ഓപ്പറേഷൻ തീയറ്ററിന്റെ മുൻപിലെത്തിയാൽ ഒരു ബോർഡ് കാണാം; ‘നിരന്തരമായി വൈദ്യുതിയില്ലാത്തതിനാൽ ഓപ്പറേഷൻ തിയറ്റർ അടച്ചുപൂട്ടിയിരിക്കുന്നു’.പുഷ്പഗിരി ആശുപത്രിയെ സഹായിക്കാൻ നടത്തുന്ന നീക്കം ശൈലജ ടീച്ചറും, എം എം മണിയും അറിയുന്നുണ്ടോ?

തിരുവല്ല ഗവ. ആശുപത്രിയുടെ ഓപ്പറേഷൻ തീയറ്ററിന്റെ മുൻപിലെത്തിയാൽ ഒരു ബോർഡ് കാണാം; ‘നിരന്തരമായി വൈദ്യുതിയില്ലാത്തതിനാൽ ഓപ്പറേഷൻ തിയറ്റർ അടച്ചുപൂട്ടിയിരിക്കുന്നു’.പുഷ്പഗിരി ആശുപത്രിയെ സഹായിക്കാൻ നടത്തുന്ന നീക്കം ശൈലജ ടീച്ചറും, എം എം മണിയും അറിയുന്നുണ്ടോ?

സ്വന്തംലേഖകൻ

തിരുവല്ല: നിർധന രോഗികൾക്ക് ഉൾപ്പെടെ ആശ്രയമായ തിരുവല്ല ഗവ.താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ പൂട്ടിയിട്ട് രണ്ടുമാസം പിന്നിടുന്നു. ഓപ്പറേഷൻ ആവശ്യമായി വരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. പ്രതിമാസം ഇരുന്നൂറിലേറെ ഓപ്പറേഷനുകൾ നടന്നിരുന്ന ആശുപത്രിയാണിത്. എന്നിട്ടും താത്കാലിക സംവിധാനങ്ങൾ പോലും ഇതുവരെ ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞ മാർച്ച് ഏഴിന് ആശുപത്രിയിലെ ജനറേറ്റർ തകരാറിലായതോടെയാണ് ശസ്ത്രക്രിയാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ മുടങ്ങിയത്. ഇവിടുത്തെ പഴയ കെട്ടിടത്തിലെ വയറിംഗും തകരാറിലാണ്. പുതിയതായി വയറിംഗ് നടത്തിയാലെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ ഇത്രയേറെ കാലതാമസം ഉണ്ടോയെന്നാണ് രോഗികളുടെ സംശയം. ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമാക്കി അടിയന്തരമായി തുറന്നുകൊടുക്കണമെന്ന് നഗരസഭാ ചെയർമാൻ അദ്ധ്യക്ഷനായ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചേർന്ന് ഒന്നരമാസം മുമ്പ്് തീരുമാനമെടുത്തതാണ്. നഗരസഭാ പ്ലാൻ ഫണ്ടിൽ നിന്ന് തുക അനുവദിക്കാനും തീരുമാനിച്ചിരുന്നു. എന്നിട്ടും നടപടിയാകാത്തതിൽ പ്രതിഷേധം ശക്തമാണ്.ഉടനെ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞ താൽക്കാലിക ഓപ്പറേഷൻ തീയേറ്ററും ഇതുവരെ സജ്ജമായില്ല. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ശസ്ത്രക്രിയ ഏറെയും നടക്കുന്നത്. ദിവസേന നൂറിലധികം പേരാണ് ഗൈനക്കോളജി വിഭാഗത്തിൽ എത്തുന്നത്.ഗർഭിണികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ശസ്ത്രക്രിയ നടക്കണമെങ്കിൽ ഓപ്പറേഷൻ തീയറ്റർ ആവശ്യമാണ്. ഈ സാഹചര്യത്തിൽ പലരെയും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുകയാണ്. ഓപ്പറേഷൻ തീയറ്റർ എപ്പോൾ പൂർണമായി സജ്ജമാകുമെന്ന കാര്യത്തിലും വ്യക്തതയില്ലാത്തതിനാൽ രോഗികളുടെ ജീവൻകൊണ്ട് കളിക്കാൻ ഡോക്ടർമാർ തയാറല്ല. ഇതുകാരണം മിക്കദിവസങ്ങളിലും പത്തും ഇരുപതും പേരെ റഫർ ചെയ്യുകയാണ്. ഓപ്പറേഷൻ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചതുകാരണം നിരവധി രോഗികളാണ് വലയുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുക മാത്രമാണ് ഇവർക്ക് മുമ്പിലുള്ള ഏക പോംവഴി.ഓപ്പറേഷൻ തീയറ്റർ അടഞ്ഞതോടെ താലൂക്ക് ആശുപത്രിയിലെ സർജൻ വർക്കിംഗ് അറേഞ്ച്‌മെന്റിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് പോയി. മറ്റു ഡോക്ടർമാരും ഇതേപോലെ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് രോഗികളും ബന്ധുക്കളും. ഗൈനക്കോളജി, സർജറി, ഓർത്തോ വിഭാഗങ്ങളിലെ രോഗികൾ കുറഞ്ഞതോടെ ആശുപത്രിയുടെ വരുമാനത്തിലും ഗണ്യമായി കുറവുണ്ടായി.