play-sharp-fill
തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് പേടി; പന്തളം കൊട്ടാരം ദേവസ്വം ബോർഡുമായി ചർച്ച നടത്തി

തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് പേടി; പന്തളം കൊട്ടാരം ദേവസ്വം ബോർഡുമായി ചർച്ച നടത്തി


സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പന് ചാർത്താൻ കൊണ്ടുവരുന്ന തിരാവഭരണം മടക്കിക്കിട്ടുമോയെന്ന് പന്തളം കുടുംബത്തിന് ആശങ്ക. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി പന്തളം കുടുംബത്തിന്റെ പ്രതിനിധിയായ ശശികുമാര വർമയാണ് ചർച്ച നടത്തിയത്. തിരുവാഭരണം തിരിച്ചു നൽകാതിരിക്കാൻ സംസ്ഥാന സർക്കാരിന് ആലോചനയുണ്ടെന്ന് സോഷ്യൽ മീഡിയയിലും മറ്റും പ്രചാരണം നടന്നിരുന്നു. ഇതേതുടർന്ന് പന്തളം കൊട്ടാരം തങ്ങളുടെ ആശങ്ക ദേവസ്വം ബോർഡിനെ അറിയിക്കുകയായിരുന്നു.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷൻ പിആർ. രാമൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെപി. ശങ്കരദാസ്, എൻ. വിജയകുമാർ, കമ്മിഷണർ എൻ. വാസു, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നാരായണൻ എന്നിവർ ശശികുമാര വർമയുടെ വീട്ടിലെത്തിയാണ് തിരുവാഭരണം തിരിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയത്. രേഖാമൂലം ഉറപ്പ് വേണമെന്നും ഇയാൾ ആവശ്യപ്പെടുകയുണ്ടായി. പന്തളം കുടുംബത്തിന്റെ നിർവാഹകസമിതി പ്രസിഡന്റ് ശശികുമാരവർമ, സെക്രട്ടറി നാരായണവർമ എന്നിവരുമായാണ് ചർച്ച നടത്തിയത്. തിരുവാഭരണത്തിന്റെ പട്ടിക തയാറാക്കിയാണ് സ്‌പെഷ്യൽ ഓഫിസർ ഏറ്റുവാങ്ങുന്നതെന്നും അതുപോലെ തിരിച്ചു നൽകുമെന്നും ദേവസ്വം കമ്മീഷണർ ഉറപ്പു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group