‘എപ്പടി കോളനിക്കുള്ളെ വന്തത് സര്‍………! പാരമ്പര്യമായി ലഭിച്ച കൈ തൊഴിൽ; എടിഎം കവര്‍ച്ച, ബാങ്ക് കവര്‍ച്ച, ജുവല്ലറി കവര്‍ച്ച തുടങ്ങി പല രീതിയിലും മോഷണം; പോലീസ് കേസായാല്‍ കളവ് മുതലുകള്‍ ഇടനിലക്കാരെ ഏൽപ്പിച്ച് മുങ്ങും; മോഷ്ടാവിനെ പോലീസ് പിടികൂടിയാല്‍ വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തുന്ന നാട്; അതിസാഹസികമായി തമിഴ്നാട് തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷ്ടാവിനെ പിടികൂടി കേരളാ പൊലീസ്

Spread the love

സ്വന്തം ലേഖിക

പുതുശ്ശേരി: തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷ്ടാവിനെ പിടികൂടി കേരള പൊലീസ്.

പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദ്രനഗറില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തമിഴ്നാട് തിരുച്ചിറാപ്പള്ളി തിരുട്ടുഗ്രാമം രാംജിനഗര്‍ മില്‍ കോളനി ദയാലന്‍ മകന്‍ ഷണ്‍മുഖത്തെ (35) പാലക്കാട് കസബ പോലീസും ടൗണ്‍ നോര്‍ത്ത് പോലീസും സംയുക്തമായി ചേര്‍ന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പല ഗ്രൂപ്പായി കളവ് നടത്തുന്ന സംഘത്തിലെ അംഗമാണ് ഷണ്‍മുഖം. എടിഎം കവര്‍ച്ച, ബാങ്ക് കവര്‍ച്ച, ജുവല്ലറി കവര്‍ച്ച തുടങ്ങി പല രീതിയിലും ഇവര്‍ മോഷണം നടത്താറുണ്ട്. കാറിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഗ്ലാസ് തകര്‍ത്ത് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.

ജനങ്ങള്‍ തിങ്ങി നില്‍ക്കുന്ന ഭാഗത്താണ് ഇവരെ കൂടുതലായും കാണാന്‍ കഴിയുക.
തിരുച്ചിറപ്പള്ളി എന്ന ട്രിച്ചി ജില്ലയില്‍ രാംജിനഗര്‍ എന്ന പ്രദേശമാണ് ‘തിരുട്ട് ഗ്രാമം’ എന്ന പേരിലറിയപ്പെടുന്നത്. പാരമ്പര്യമായി ലഭിച്ച കൈ തൊഴിലാണ് ഇവിടെയുള്ളവര്‍ക്ക് മോഷണം. ആഡംബര ജീവിതം നയിക്കാന്‍ വേണ്ടിയാണ് ഇവര്‍ കളവ് നടത്തുന്നത്.

കളവ് നടത്തിയത് പോലീസ് കേസായാല്‍ കളവ് മുതലുകള്‍ ഇടനിലക്കാരെ വച്ച്‌ തിരിച്ച്‌ നല്‍കുകയാണ് പതിവ്. കോളനിയുടെ അകത്ത് 800 ഓളം കുടംബങ്ങള്‍ താമസിക്കുന്നുണ്ട്. അകത്തു കയറി പ്രതിയെ പോലീസ് പിടികൂടിയാല്‍ വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടാന്‍ വരെ സഹായം ലഭിക്കുന്ന സ്ഥലമാണ് തിരുട്ടുഗ്രാമം.

പാലക്കാട് കസബ, നോര്‍ത്ത് പോലീസ് ബലപ്രയോഗത്താല്‍ ഇവരെ പിടികൂടുന്നതിന് പകരം തന്ത്രപരമായ രൂപ രേഖ തയ്യാറാക്കിയാണ് പിടികൂടിയത്. പ്രതികള്‍ സ്ഥിരമായി ഉണ്ടാവാറുള്ള സ്ഥലങ്ങള്‍ ആര്‍ക്കും സംശയം കൂടാതെ നിരീക്ഷിച്ച്‌ തിരുട്ടു ഗ്രാമത്തില്‍ പോയി വളരെ പെട്ടെന്നാണ് പ്രതിയെ പിടിച്ച്‌ പുറത്തിറങ്ങിയത്.

അറസ്റ്റിലായതിന് പിന്നാലെ പ്രതി ചോദിച്ചത് ‘എപ്പടി കോളനിക്കുള്ളെ വന്തത് സര്‍’ എന്നാണ്.

പാലക്കാട് ജില്ല പോലീസ് മേധാവി ആര്‍.വിശ്വനാഥിൻ്റെ നിര്‍ദ്ദേശമനുസരിച്ച്‌ പാലക്കാട് എഎസ്പി എ ഷാഹുല്‍ ഹമീദിൻ്റെ മേല്‍നോട്ടത്തില്‍ കസബ പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍ എസ് രാജീവ്‌, നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ സുജിത്ത്, കസബ എസ്.ഐ എസ് അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ സത്താര്‍, രാജീദ്.ആര്‍, രഘു.ആര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ തിരുട്ടു ഗ്രാമത്തില്‍ നിന്നും പിടികൂടിയത്.

കൂടുതല്‍ അറസ്റ്റ് ഉടനെ ഉണ്ടാകും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.