തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ ആറ് വയസുകാരിയെ കൊന്ന പുലി കെണിയിലായി; തീർത്ഥാടകർക്ക് നിയന്ത്രണം

Spread the love

സ്വന്തം ലേഖകൻ

അമരാവതി: തിരുപ്പതി മാതാപിതാക്കളോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ ആറ് വയസുകാരിയെ കൊന്ന പുലി കെണിയിലായി. ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ലക്ഷിതയുടെ മരണത്തിനു പിന്നാലെ തിരുപ്പതിയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 വയസിനു താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്ന തീർത്ഥാടകരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. വൈകിട്ട് ആറ് മണി മുതൽ പുലർച്ചെ ആറ് വരെയുള്ള സമയങ്ങളിൽ ടൂവിലർകൾക്ക് നിരോധനം ഏർപ്പെടുത്തി.

തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക്‌ മല കയറാൻ ആരെയും അനുവദിക്കില്ല.

കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയിൽ വെച്ച് അച്ഛനമ്മമാർക്കൊപ്പം നടക്കുന്നതിനിടെയാണ് ലക്ഷിത ആക്രമിക്കപ്പെട്ടത്. ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി. പൊലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.