തിരുനക്കര ബസ് സ്റ്റാന്‍ഡിലെ വാരിക്കുഴിയിൽ വീണ് നടുവൊടിയുന്നവരെ ആശുപത്രിയിലെത്തിക്കാൻ നഗരസഭ ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന് യാത്രക്കാർ; നഗരസഭയിൽ തമ്മിൽ തല്ലും കയ്യിട്ടു വാരലും മാത്രം; പുതിയ നഗരസഭകളായ ഈരാറ്റുപേട്ടയിലും ഏറ്റുമാനൂരിലും വൻ വികസനങ്ങൾ വരുമ്പോൾ കോട്ടയത്തെ വികസനം പടവലങ്ങ പോലെ കീഴോട്ട്
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്.
വാഹനങ്ങളെയും യാത്രക്കാരെയും വീഴിക്കാന്‍ വമ്പന്‍ വാരിക്കുഴി സ്റ്റാൻഡിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കര ബസ് സ്റ്റാന്‍ഡിലെ വാരിക്കുഴിയിൽ വീണ് നടുവൊടിയുന്നവരെ ആശുപത്രിയിലെത്തിക്കാൻ നഗരസഭ ആംബുലൻസ് സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്തി ആളെയിറക്കുന്ന ബസ് ബേയിലാണു വലിയ കുഴി. മഴ ശക്തമായതോടെ കുഴിയിൽ നിറയെ വെള്ളമാണ്. ഇതിനാൽ തന്നെ കുഴിയുടെ ആഴം അറിയാൻ യാത്രക്കാർക്കും ഡ്രൈവർമാർക്കും സാധിക്കില്ല.
കുഴിയുടെ ആഴമറിയാതെ ബസുകള്‍ ചാടുന്നത് വൻ അപകടമുണ്ടാക്കുന്നുണ്ട്. ചീറി പാഞ്ഞെത്തുന്ന ബസുകള്‍ കുഴിയില്‍ പെട്ടെന്നു ചാടിയാല്‍ ബസ് കാത്തു നില്ക്കുന്ന യാത്രക്കാര്‍ക്ക് ചെളിയഭിഷേകമാണ്.
ചെറിയതായി കോണ്‍ക്രീറ്റ് ഇളകി രൂപപ്പെട്ട കുഴി ഇപ്പോള്‍ കുളംപോലെയായിരിക്കുകയാണ്. നൂറുകണക്കിനു ബസുകളും ആയിരക്കണക്കിന്
യാത്രക്കാരും ദിവസവും എത്തുന്ന ബസ്സ്റ്റാന്‍ഡിലെ കുഴിയടയ്ക്കാന്‍ അധികൃതര്‍ ഇതുവരെ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്.
ബസ്സ്റ്റാന്‍ഡിനോട് അധികാരികള്‍ കാലാകാലങ്ങളായി കാണിക്കുന്ന അവഗണനയുടെ ഉദാഹരമാണ് കുഴി അടയ്ക്കാത്തതെന്ന ആക്ഷേപമുണ്ട്.
കോട്ടയം നഗരത്തിന് ചുറ്റും ഓടകളുടെ മുകളിലെ സ്ലാബുകൾ തകർന്ന് ഓടയിൽ വീണ് കിടക്കുകയാണ്. നഗരസഭയുടെ മുന്നിൽ തന്നെ പഴയ കൽപക സുപ്പർ മാർക്കറ്റിന് മുന്നിൽ കൂടി നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. തമ്മിൽ തല്ലും കൈയ്യാങ്കളിയുമാണ് കോട്ടയം നഗരസഭയിൽ നടക്കുന്നത്. യാതൊരു വികസന പ്രവർത്തനവും കോട്ടയത്ത് നടക്കുന്നില്ല. ഒറ്റ കൗൺസിൽ യോഗം പോലും സമാധാനപരമായി ചർച്ച നടത്തി. കോട്ടയത്തിൻ്റെ വികസനത്തിനായള്ള ഒറ്റ പദ്ധതി പോലും ആവിഷ്കരിക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല. കൗൺസിൽ യോഗത്തിൽ നൂറോളം അജണ്ടകൾ എടുക്കുമെങ്കിലും തമ്മിൽ തല്ലി പത്തിൽ താഴെ അജണ്ടകൾ മാത്രമാണ് എടുക്കുന്നത്.
നഗരസഭയിൽ തമ്മിൽ തല്ലും കയ്യിട്ടു വാരലും മാത്രമാണ് നടക്കുന്നത്. പുതിയ നഗരസഭകളായ ഈരാറ്റുപേട്ടയിലും ഏറ്റുമാനൂരിലും വൻ വികസനങ്ങൾ വരുമ്പോൾ കോട്ടയത്തെ വികസനം പടവലങ്ങ പോലെ കീഴോട്ടാണ് പോകുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് നിലവിൽ.