
തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ആർച്ച് ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചിട്ടും കോട്ടയം നഗരസഭയുടെ ആർത്തി തീരുന്നില്ല; ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിന്റെ മുൻപിലെ ഫുട്പാത്ത് അടിക്കണക്കിന് പൂക്കച്ചവടക്കാർക്ക് കൊള്ള വാടകയ്ക്ക് കൊടുത്ത് നഗരസഭ; പത്ത് ദിവസത്തേയ്ക്ക് വാങ്ങുന്നത് പതിനാറായിരം രൂപ വരെ; പൂക്കച്ചവടക്കാരന്റെ തലയിലേക്ക് കെട്ടിടം ഇടിഞ്ഞ് വീണാൽ ആര് സമാധാനം പറയും ?
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ആർച്ച് ഇടിഞ്ഞ് വീണ് ഒരാൾ മരിച്ച് ഒരാഴ്ച കഴിയും മുൻപേ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുൻപിലുള്ള ഫുഡ് പാത്ത് വാടകയ്ക്ക് നല്കി കോട്ടയം നഗരസഭ.
എത്ര കിട്ടിയാലും ആർത്തി തീരാത്ത നഗരസഭാ അധികൃതർ ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിന്റെ മുൻപിലെ ഫുട്പാത്ത് അടിക്കണക്കിന് പൂക്കച്ചവടക്കാർക്ക് അളന്ന് നല്കിയത് കൊള്ള വാടകയ്ക്കാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോവിന്ദരാജ് എന്നയാളോട് 12980 രൂപയും, പ്രകാശ് എന്നയാളോട് 3246 യും മറ്റൊരാളോട്
16226 രൂപയുമാണ് 19/8/ 23 ന് നഗരസഭ വാടകയായി വാങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ വഴിവക്കിൽ കച്ചവടം ചെയ്യുന്ന പൂക്കച്ചവടക്കാരെ പറ്റിച്ച് നഗരസഭാ അധികൃതർ വാടക വാങ്ങിയതിന്റെ രസീത് തേർഡ് ഐ ന്യൂസിന് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ രാജധാനി ഹോട്ടലിന്റെ ആർച്ചിന്റെ ഒരു ഭാഗം അടർന്ന് വീണ്
ലോട്ടറി തൊഴിലാളി ആയിരുന്ന പായിപ്പാട് സ്വദേശി ജിനോ മരിച്ചത്. ഈ ദാരുണ സംഭവം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുൻപിലെ ഫുഡ്പാത്ത് നഗരസഭ അളന്ന് വിറ്റത്.
എന്നാൽ ഇത്തരത്തിൽ ഫുഡ് പാത്ത് വാടകയ്ക്ക് നല്കാൻ കൗൺസിൽ തീരുമാനിച്ചിട്ടില്ലന്നും ധനകാര്യ കമ്മറ്റി അധികാരദുർവിനിയോഗം നടത്തിയതാണെന്നും പ്രതിപക്ഷ കൗൺസിലർമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് പ്രകാരം പൊളിക്കാനായി കെട്ടിടത്തിൽ നിന്നും മുഴുവൻ വ്യാപാരികളേയും ഒഴിപ്പിക്കുകയും, പൊളിച്ചു മാറ്റുന്നതിനായി കെട്ടിടം ലേലം ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷം കെട്ടിടത്തിനോട് ചേർന്ന് ഫുഡ് പാത്ത് തന്നെ വാടകയ്ക്ക് കൊടുത്തത് കടുത്ത അധികാര ദുർവിനിയോഗമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്