
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ രാജധാനി ഹോട്ടലിന്റെ ഒരു ഭാഗം തകർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നഗരസഭയ്ക്കും. ജില്ലാ ഭരണകൂടത്തിനും പൊലീസിനും രാജധാനി ഹോട്ടൽ ഉടമയ്ക്കുമെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയൻ
ഒരു യുവാവിന്റെ ജീവനെടുത്ത ദാരുണ
സംഭവത്തിന് ഉത്തരവാദികളായ നഗരസഭയിലെ ഭരണാധികാരികൾക്കും, ഉദ്യോഗസ്ഥർക്കും, ഹോട്ടൽ ഉടമയ്ക്കുമെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ഡിജിപി, ജില്ലാ പൊലീസ് മേധാവി, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എന്നിവർക്ക് പരാതി നല്കിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരേ വകുപ്പ് തല നടപടി എടുക്കുന്നതിനു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും മഹേഷ് പരാതി നല്കിയിട്ടുണ്ട്.
തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിർത്തിവെച്ച്, എത്രയും വേഗം കെട്ടിടം പൂർണ്ണമായി പൊളിച്ച് കളയണം എന്നാവശ്യപ്പെട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തലവൻ കൂടിയായ ജില്ലാ കളക്ടർക്കും പരാതി നല്കിയിട്ടുണ്ട്.
ബാർ ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഭാഗത്തെ അപകടാവസ്ഥ വ്യക്തമാക്കുന്ന, തുരുമ്പിച്ച കമ്പികൾ തള്ളി നിന്ന സ്ലാബുകൾ , ബീമുകൾ എന്നിവ പ്ലാസ്റ്റർ ചെയ്ത് മറച്ചു പെയിന്റ് അടിച്ച് ‘കുട്ടപ്പൻ’ ആക്കുകയാണ് ചെയ്തത്.
അതിൻ്റെ മുകളിൽ മോടികൂട്ടാൻ പലതരം ഡിസൈൻ വർക്കുകൾ ചെയ്തു. അനധികൃതമായി ലിഫ്റ്റും പിടിപ്പിച്ചു. ഈ അനധികൃത ഇടപാടുകൾക്കെല്ലാം ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒത്താശ ചെയ്തതായും മഹേഷ് ആരോപിക്കുന്നു
കോടതിയലക്ഷ്യ ഹർജിയിൽ രാജധാനി ഹോട്ടൽ നിൽക്കുന്ന കെട്ടിടം ബാലപ്പെടുത്തിയിട്ടുണ്ടെന്നും, അത് പൊളിക്കേണ്ടതില്ലന്നും നഗരസഭ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. മാത്രവുമല്ല, ബാർ ഹോട്ടലിന് കൂടുതൽ ഏരിയ ലഭിക്കാനായി, നേരത്തെ ബാൽക്കണിയും പാരപ്പറ്റും ആയി സ്ഥിതി ചെയ്തിരുന്ന ഭാഗം അടച്ച് , പാരപ്പറ്റിന് മുകളിൽ ഭിത്തി കെട്ടി, പുതിയ ജനാലകൾ സ്ഥാപിക്കുകയും ചെയ്തു. ഇപ്രകാരം സ്ഥാപിച്ച ജനാലയുടെ ഭാഗം ഇടിഞ്ഞ് വീണാണ് പായിപ്പാട് സ്വദേശി ജിനോ മരിച്ചത്
അപകടാവസ്ഥ വകവെക്കാതെ നൂറുകണക്കിന് ബസുകളാണ് ഓരോ ദിവസവും തിരുനക്കര ബസ് സ്റ്റാൻഡിൽ കയറി ഇറങ്ങുന്നത്.
ആയിരക്കണക്കിന് ആളുകളാണ് ഈ കെട്ടിടത്തിനുള്ളിൽ ഇപ്പോഴും ബസ് കാത്ത് നിലക്കുന്നത്.
കടകൾ ഒഴിപ്പിച്ചെങ്കിലും അതിന് മുന്നിൽ വെച്ച് കടയുടമകൾ ഇപ്പോഴും കച്ചവടം ചെയ്യുന്നു. ഏതൊരു നിമിഷവും മറ്റൊരു ദുരന്തം കൂടി ഇവിടെ ഉണ്ടാകാം. അതിൽ എത്രപേർ മരിക്കുമെന്ന് കണ്ടറിയാം. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യസ്ഥരായ നഗരസഭയും ജില്ലാ ഭരണകൂടവും പൊലീസും നിഷ്ക്രിയരായി നിൽക്കുകയാണെന്നും മഹേഷ് വിജയൻ പറഞ്ഞു.