തിരുനക്കരയുടെ സ്വന്തം കൊമ്പൻ ഇനി തൃശൂർ പൂരത്തിന്റെ തമ്പുരാൻ: തൃശൂർ പൂരത്തിന് അലങ്കാരമാകാൻ പോകുന്ന തിരുനക്കരയുടെ സ്വന്തം ശിവന് അഭിമാനത്തോടെ യാത്രാമംഗളം നേർന്ന് ആനപ്രേമികൾ
സ്വന്തം ലേഖകൻ
കോട്ടയം: വിവാദങ്ങൾക്കും വാക്കുതർക്കങ്ങൾക്കും ഒടുവിൽ തിരുനക്കരയുടെ സ്വന്തം കൊമ്പൻ ശിവന് ആനപ്രേമികളുടെ യാത്രാമംഗളം. തൃശൂർ പൂരത്തിന് തിരുവനമ്പാടിയുടെ കൊമ്പൻമാർക്കൊപ്പം അണിനിരക്കുന്ന കൊമ്പൻ തിരുനക്കര ശിവനാണ് ആനപ്രേമികളും തിരുനക്കരയിലെ പുരുഷാരവും ചേർന്ന് യാത്രയയപ്പ് നൽകിയത്. ആവേശത്തോടെ ആർപ്പുവിളികളുമായി ആന പ്രേമികൾ അണിനിരന്നതോടെ ആവേശമായി തിരുനക്കര ശിവനെ ഏറ്റെടുത്തു.
തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കാൻ കൊമ്പനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് തിരുവനമ്പാടി ദേവസ്വം തിരുനക്കര മഹാദേവക്ഷേത്രത്തിനും, ദേവസ്വം അധികൃതർക്കും കത്ത് നൽകിയിരുന്നു. ആനയുടെ ഏക്കത്തുക അടക്കം നൽകാമെന്ന് വാദ്ദാനം ചെയ്തായിരുന്നു കത്ത് നൽകിയത്. എന്നാൽ, ആന പ്രേമികളെ നിരാശരാക്കി തിരുനക്കര ശിവനെ തൃശൂർ പൂരത്തിന് വിട്ടു നൽകാനാവില്ലെന്നായിരുന്നു വൈക്കം ദേവസ്വം കമ്മിഷണറുടെ ഉത്തരവ്. ഇതേ തുടർന്ന് ആനപ്രേമികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. കഴിഞ്ഞ ബുധനാഴ്ച തിരുനക്കരയിലെ ദേവസ്വം ഓഫിസ് ഉപരോധിക്കുന്നത് അടക്കമുള്ള സമരത്തിലേയ്ക്കാണ് ആന പ്രേമികൾ നീങ്ങിയത്.
ഭാരത് ഗ്രൂപ്പിന്റെ കൊമ്പൻമാർക്ക് വേണ്ടി തിരുനക്കര ശിവനെ തൃശൂർ പൂരത്തിന് വിട്ടു നൽകാതിരിക്കാനുള്ള നീക്കമാണ് ദേവസ്വം ബോർഡ് അധികൃതർ നടത്തുന്നതെന്ന് വ്യക്തമാക്കി തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് പ്രശ്‌നത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും, സിപിഎം നേതാവ് വി.എൻ വാസവനും, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.പത്മകുമാറും അടക്കമുള്ളവർ ഇടപെടുകയായിരുന്നു. തുടർന്ന് തിരുനക്കര ശിവനെ വിട്ടു നൽകാൻ തീരുമാനം എടുക്കുകയും ചെയ്തു. ഈ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഇപ്പോൾ ആനയെ സ്വീകരിക്കാൻ ആന പ്രേമികൾ തയ്യാറായത്.
ശനിയാഴ്ച രാവിലെ തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്ത് ആദ്യം ആനയെ എത്തിച്ചു. തുടർന്ന് ആനപ്രേമികൾ ചേർന്ന് കൊമ്പനെ മാലയിട്ട് സ്വീകരിച്ചു. തിരുനക്കര മഹാദേവനെ തുമ്പിക്കൈ ഉയർത്തി വണങ്ങിയ കൊമ്പൻ, ഭഗവാന്റെ അനുഗ്രഹം നേടി, ആന പ്രേമികളുടെ ആശിർവാദം നേടി, നൂറുകണക്കിന് ആനപ്രേമികളുടെ മുദ്രാവാക്യങ്ങളുടെ നടുവിലൂടെ ലോറിയിലേയ്ക്ക് നടവച്ച് കയറി. ഇനി തൃശൂരിന്റെ തലയെടുമ്പിന്റെ തമ്പുരാനായി, തിരുവനമ്പാടിയുടെ കൊമ്പനായി പൂരത്തിന് തിരുനക്കര ശിവനും ഉണ്ടാകും.