മേളവും താളവും ഗജവീരന്മാരുടെ ഗാംഭീര്യവും ഇഴചേർന്ന നിമിഷത്തിൽ പൂത്തുലഞ്ഞ പൂരക്കാഴ്ച കാണാൻ പുരുഷാരം; 22 ഗജരാജാക്കൻമാർ തിരുനക്കര ക്ഷേത്രമൈതാനത്ത് നിരന്നതോടെ   പൂരക്കാഴ്ചയിൽ ആർപ്പുവിളിയും, പുഷ്‌പവൃഷ്‌ടിയും; ; അക്ഷരനഗരിയുടെ സ്വന്തം പൂരം കാണാൻ ഒഴുകിയെത്തിയത്‌ പതിനായിരങ്ങൾ

മേളവും താളവും ഗജവീരന്മാരുടെ ഗാംഭീര്യവും ഇഴചേർന്ന നിമിഷത്തിൽ പൂത്തുലഞ്ഞ പൂരക്കാഴ്ച കാണാൻ പുരുഷാരം; 22 ഗജരാജാക്കൻമാർ തിരുനക്കര ക്ഷേത്രമൈതാനത്ത് നിരന്നതോടെ പൂരക്കാഴ്ചയിൽ ആർപ്പുവിളിയും, പുഷ്‌പവൃഷ്‌ടിയും; ; അക്ഷരനഗരിയുടെ സ്വന്തം പൂരം കാണാൻ ഒഴുകിയെത്തിയത്‌ പതിനായിരങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം : മേളവും താളവും ഗജവീരന്മാരുടെ ഗാംഭീര്യവും ഇഴചേർന്ന നിമിഷത്തിൽ പൂത്തുലഞ്ഞപ്പൂരക്കാഴ്ച കാണാൻ പുരുഷാരം തിങ്ങിനിറഞ്ഞു. അക്ഷരനഗരിയുടെ സ്വന്തം പൂരം കാണാൻ ഒഴുകിയെത്തിയത്‌ പതിനായിരങ്ങൾ. ഇരുചേരുവാരങ്ങളിലും ഗജവീരൻമാർ അണിനിരന്നപ്പോൾ ആനപ്രേമികൾക്ക്‌ ആവേശത്തിന്റെ ദിനം.

മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 111 കലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളവും ഇരുചേരുവാരങ്ങളിലുമായി അണിനിരന്ന ലക്ഷണമൊത്ത 22 കരിവീരന്മാരും കൂടിയായതോടെ ആവേശക്കൊടിയുടെ തുഞ്ചത്തോളമെത്തി. തിരുനക്കര ഇന്നോളം കാണാത്ത ജനസാഗരം. ഒരോ ഗജരാജാക്കൻമാരും ക്ഷേത്രാങ്കണത്തിൽ നിന്നും പുറത്തേക്ക്‌ വരുമ്പോൾ ആർപ്പുവിളിയും പുഷ്‌പവൃഷ്‌ടിയും നടത്തിയാണ്‌ പൂരപ്രേമികൾ വരവേറ്റത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം കിഴക്കൻ ചേരുവാരത്തിൽ ഉണ്ണി മങ്ങാട് ഗണപതിയാണ്‌ ഇറങ്ങിയത്‌. പിന്നാലെ പഞ്ചമത്തിൽ ദ്രോണയും. പതിനായിരങ്ങളാണ് കൊമ്പന്മാർക്ക് ആർപ്പുവിളികളുമായി നിരന്നത്. മൂന്നാമതായി ചൂലൂർമഠം രാജശേഖരൻ പൂരപ്പറമ്പിന് ആ വേശമായി ഇറങ്ങി. ഇതിന് ശേഷം കൊമ്പൻ തോട്ടയ്ക്കാട്ട് കണ്ണനാണ് മൈതാനത്തിറങ്ങിയത്. ചിറക്കാട്ട് അയ്യപ്പനാണ് അടുത്തതായി പൂര മൈതാനത്തേയ്ക്ക് ഇറങ്ങിയത്. മൗട്ടത്ത് രാജേന്ദ്രൻ ഇറങ്ങിയപ്പോൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്‌.

വൈകുന്നേരം നാലോടെ പകൽപൂരത്തിനുള്ള കേളികൊട്ട് ഉയർന്നു. 4.15 ന്‌ കൊമ്പന്മാർ മൈതാനത്തേക്ക് ഇറങ്ങിത്തുടങ്ങി. പൂരത്തിന് മുന്നോടിയായി ക്ഷേത്ര മൈതാനത്തേക്ക് രാവിലെ തന്നെ ചെറുപൂരങ്ങൾ എത്തിച്ചേർന്നു. 10 ക്ഷേത്രങ്ങളിൽ നിന്നാണ് ചെറുപൂരങ്ങൾ എത്തിയത്.

പൂരപ്രേമികളെയും ആനപ്രേമികളെയും ആവേശത്തിലാക്കി പടിഞ്ഞാറൻ ചേരുവാരത്ത് ഗജരാജൻ ഭാരത് വിനോദ് നെറ്റി പ്പട്ടമണിഞ്ഞ് ഭഗവാന്റെ പൊൻതിടമ്പേന്തി തലയെടുപ്പോടെ തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്കിടയിലൂടെ മൈതാനത്തേക്ക്‌ എത്തി. കുന്നുമ്മേൽ പരശുരാമൻ, പീച്ചിയിൽ ശ്രീമുരുകൻ, വേമ്പനാട്‌ അർജ്ജുനൻ, മീനാട്‌ വിനായകൻ, പാലാ കുട്ടി ശങ്കരൻ, ഉഷശ്രീ ശങ്കരൻകുട്ടി, ചൈത്രം അച്ചു, പരിമണം വിഷ്‌ണു, ഭാരത്‌ വിശ്വനാഥൻ, അക്കാവിള വിഷ്‌ണുനാരായണൻ എന്നീ ഗജരാജാക്കൻമാർ ഭാരത്‌ വിനോദിന്റെ ഇരുവശങ്ങളിലുമായി സ്ഥാനം പിടിച്ചു.

കിഴക്കൻ ചേരുവാരത്ത് പാമ്പാടി രാജൻ നെറ്റിപ്പട്ടമണിഞ്ഞ്‌ തിടമ്പേന്തി മൈതാനത്തേക്ക്‌ എത്തിയതോടെ ആരാധകർ കൂടുതൽ ആവേശത്തിലായി. ചുരുരുമഠം രാജശേഖരൻ, തോട്ടയ്‌ക്കാട്‌ കണ്ണൻ, മൗട്ടത്ത്‌ രാജേന്ദ്രൻ, കാഞ്ഞിരക്കാട്ട്‌ ശേഖരൻ, ഈരാറ്റുപേട്ട അയ്യപ്പൻ, പാമ്പാടി സുന്ദരൻ, ഗുരുവായൂർ ഗോകുൽ, ചിറക്കാട്ട്‌ ആയ്യപ്പൻ, പഞ്ചമത്തിൽ ദ്രോണ, ഉണ്ണിമങ്ങാട്‌ ഗണപതി എന്നീ ജഗവീരൻമാർ രാജന്‌ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചു.

രാവിലെ 11 മുതൽ തന്നെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറു പൂരങ്ങൾ തിരുനക്കരയപ്പനെ കണ്ടു തൊഴുത് പൂരപ്രാമാണ്യം എടുത്തണിഞ്ഞിരുന്നു. കാരാപ്പുഴ അമ്പലക്കടവ് ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണക്ഷേത്രം, കോടിമത പള്ളിപ്പുറത്ത് കാവ്, മുട്ടമ്പലം കൊപ്രത്ത് ദുർഗ ദേവി ക്ഷേത്രം, പാറപ്പാടം ദേവി ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവിക്ഷേത്രം, മള്ളൂർ കുളര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള കൊമ്പൻമാർ ആർപ്പും ആരവവുമായി ക്ഷേത്രത്തിന്റെ പടികടന്ന് എത്തിയതോടെ തിരുനക്കരയുടെ തിരുമുറ്റത്ത് പൂര ലഹരി പൂത്തുലഞ്ഞു തുടങ്ങി. വൈകിട്ടായതോടെ തിരുനക്കര പൂരശോഭയിലായി

മൈതാനത്ത് ഇരുഭാഗത്തേയും വേലി കെട്ടി തിരിച്ച്, ആനകൾക്ക് വേണ്ട സുരക്ഷ യും ഒരുക്കിയിരുന്നു. പൊലീസും പ്രത്യേകം നിയോഗിച്ച സെക്യൂരിറ്റിമാരും, വളന്റിയർമാരും തിരക്ക്‌ നിയന്ത്രിച്ചു. മന്ത്രി വി.എൻ.വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ പൂര ചടങ്ങുകളിൽ സംബന്ധിച്ചു.