
കോട്ടയം തിരുനക്കര മൈതാനം ജപ്തി ചെയ്യാനൊരുങ്ങി റവന്യു വകുപ്പ്; നടപടി 3.51 കോടി രൂപ പാട്ടക്കുടിശിക വരുത്തിയതിനെ തുടർന്ന്; പാട്ടവാടക പൂർണമായും ഒഴിവാക്കി മൈതാനം പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ റവന്യു മന്ത്രിക്ക് കത്തു നൽകിയത് രണ്ടാഴ്ച മുൻപ്
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ജപ്തി ചെയ്യാനൊരുങ്ങി റവന്യൂ വകുപ്പ്. തിരുനക്കര മൈതാനത്തിന്റെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനാണ്. കോട്ടയം നഗരസഭ പതിറ്റാണ്ടുകളായി മൈതാനം വാടകയ്ക്കെടുത്ത് ഉപയോഗിച്ചു വരികയായിരുന്നു.
ഇത് പൂർണമായും തിരിച്ചുപിടിക്കാനാണ് റവന്യു വകുപ്പ് നടപടി തുടങ്ങിയിരിക്കുന്നത്. 3.51 കോടി രൂപ പാട്ടക്കുടിശിക വരുത്തിയതിനെ തുടർന്നാണ് നടപടി.
ഓഗസ്റ്റ് 30നു നഗരസഭ 10 ലക്ഷം രൂപ അടച്ചു. പാട്ടവാടക പൂർണമായും ഒഴിവാക്കി മൈതാനം പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച മുൻപ് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ റവന്യു മന്ത്രിക്കു കത്തു നൽകി. നടപടി ഒഴിവാക്കണമെന്ന നഗരസഭയുടെ അപേക്ഷ റവന്യു വകുപ്പും റവന്യു റിക്കവറി വിഭാഗവും തള്ളി. പണമടയ്ക്കാൻ വൈകിയാൽ നഗരസഭയുടെ അക്കൗണ്ട് മരവിപ്പിക്കുമെന്നും റവന്യു വകുപ്പ് സൂചന നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈയിൽ കലക്ടർ നഗരസഭയ്ക്കു നോട്ടിസ് നൽകിയിരുന്നു. നഗരസഭയുടെ സാമ്പത്തിക ഭദ്രത അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി തഹസിൽദാരോടു നിർദേശിച്ചു. എന്നാൽ, നഗരസഭ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നുള്ള തഹസിൽദാരുടെ റിപ്പോർട്ട് റവന്യു റിക്കവറി വിഭാഗം മുഖവിലയ്ക്കെടുത്തിട്ടില്ല.
കുടിശിക അടച്ചില്ലെങ്കിൽ ജപ്തി ചെയ്ത് മൈതാനം മറ്റ് ഏജൻസികളെ ഏൽപിക്കുമെന്ന് ഡപ്യൂട്ടി കലക്ടർ (ആർആർ) അനിൽ ഉമ്മൻ പറഞ്ഞു.
ഒരു ഏക്കർ 20 സെന്റ് വരും മൈതാനം. 2005 മേയ് 27 മുതൽ 2022 മാർച്ച് 31 വരെയുള്ള കുടിശിക 3.51 കോടി രൂപയാണ്. 13,080 രൂപയാണ് മൈതാനത്തിന് നഗരസഭ ഈടാക്കുന്ന ദിവസ വാടക.