കസേരയിൽ ഇരുപ്പുറയ്ക്കാതെ തിരുമേനി, ഒരുമാസത്തിനിടെ നാലാമതും സ്ഥലം മാറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറായി കഴിഞ്ഞയാഴ്ച നിയമിച്ച ബി.എസ്. തിരുമേനിയെ വീണ്ടും മാറ്റി. പഞ്ചായത്ത് ഡയറക്ടറായാണ് മാറ്റിനിയമിച്ചത്. മന്ത്രിസഭയോഗത്തിലാണ് തീരുമാനം. ഇതോടെ ഒരുമാസത്തിനുള്ളിൽ തിരുമേനിക്ക് നാലാമത്തെ സ്ഥലംമാറ്റമായി. പകരം ഇടുക്കി കലക്ടർ ജീവൻ ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനാണ് പുതിയ ഇടുക്കി കലക്ടർ.
നാലാഴ്ച മുമ്പാണ് കോട്ടയം കലക്ടറായിരുന്ന ബി.എസ്. തിരുമേനിയെ പ്രവേശന പരീക്ഷ കമീഷണറും ഹയർസെക്കൻഡറി ഡയറക്ടറുമായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മെഡിക്കൽ ലീവിലായിരുന്നതിനാൽ പ്രവേശന പരീക്ഷാനടപടികൾ തുടങ്ങുന്നതിന് മുമ്പായി ചുമതലയേൽക്കാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പ്രവേശന പരീക്ഷാ കമീഷണർ സ്ഥാനത്തുനിന്ന് മാറ്റുകയും ഹയർസെക്കൻഡറി ഡയറക്ടറുടെ മാത്രം ചുമതല നൽകുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹയർസെക്കൻഡറി ഡയറക്ടറായി ചുമതലയേറ്റ് പ്രവർത്തനം തുടങ്ങിയപ്പോഴാണ് കഴിഞ്ഞയാഴ്ച ഡി.പി.ഐ ആയി നിയമിച്ചത്. രണ്ടുദിവസം മുമ്പാണ് ഡി.പി.ഐ ആയി തിരുമേനി ചുമതലയേറ്റത്. തുടർന്നാണ് ഇപ്പോൾ വീണ്ടും സ്ഥലംമാറ്റിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ ജോലിഭാരമുള്ള പദവി വഹിക്കാനാവില്ലെന്ന് തിരുമേനി മന്ത്രിസഭാ യോഗത്തെ അറിയിച്ചിരുന്നു. ഇടുക്കി കലക്ടർ ജീവൻ ബാബു അതേ ജില്ലക്കാരനായതിനാൽ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തുടരാനാവില്ല. അതിനാലാണ് അദ്ദേഹത്തെ മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചത.