ചങ്ങനാശേരി: പാറക്കുളത്തിൽ വീണ് സഹോദരിമാരുടെ മക്കൾ മുങ്ങിമരിച്ചു.
മാടപ്പള്ളി അഴകാത്തുപടി പുതുപ്പറമ്പ് വീട്ടിൽ പരേതനായ അനീഷ്– ആശ ദമ്പതികളുടെ മകൻ ആദർശ് (15), ആശയുടെ സഹോദരി മാങ്ങാനം മാധവശേരി ആനീസിന്റെ മകൻ അഭിനവ് (11) എന്നിവരാണ് മരിച്ചത്.
സഹോദരിമാർ ഇരുവർക്കും ഏകമക്കളെയാണ് നഷ്ടപ്പെട്ടത്.
തൃക്കൊടിത്താനം ചെമ്പുപുറം പാറക്കുളത്തിലാണ് ഇന്നലെ നാടിനെ നടുക്കിയ സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദർശും അഭിനവും മറ്റു രണ്ടു കുട്ടികളുമായി ഉച്ചയ്ക്ക് 12ന് ചെമ്പുപുറത്തുള്ള സ്വകാര്യവ്യക്തിയുടെ പാറക്കുളത്തിനു സമീപമെത്തി. മീനുകളെ നോക്കുന്നതിനിടെ അഭിനവ് കാൽവഴുതി വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആദർശ് രക്ഷിക്കാനായി കുളത്തിൽ ചാടി.
ഇരുവരും മുങ്ങിത്താഴുന്നതു കണ്ട് മറ്റു കുട്ടികൾ ബഹളം വച്ചു. സമീപവാസികൾ ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും ചേറും ചെളിയും കാരണം കണ്ടെത്താനായില്ല. തുടർന്ന് ചങ്ങനാശേരി അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
ആദർശിന്റെ പിതാവ് അനീഷ് 3 വർഷം മുൻപ് കാൻസർ ബാധിതനായി മരിച്ചിരുന്നു. തുടർന്ന് ആദർശിന്റെ മാതാവ് ആശയെ കുറിച്ചി എസ്പുരം സ്വദേശി സജിക്കുട്ടൻ വിവാഹം ചെയ്തിരുന്നു. അനീഷിന്റെ മാടപ്പള്ളി അഴകാത്തുപടിയിലെ വീട്ടിലെത്തിയതായിരുന്നു ആദർശും അഭിനവും.
ആദർശ് കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. അഭിനവ് കോട്ടയം ഹോളി ഫാമിലി ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി. ആദർശിന്റെ സംസ്കാരം ഇന്ന് 2നു മാടപ്പള്ളി അഴകാത്തുപടി പുതുപ്പറമ്പ് വീട്ടുവളപ്പിൽ. അഭിനവിന്റെ സംസ്കാരം നാളെ പുതുപ്പള്ളി സെന്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച്ചിൽ.