തേർഡ് ഐ ന്യൂസ് ലൈവിന് രണ്ടാം പിറന്നാൾ..! ഇരുപത് ലക്ഷത്തിലധികം വായനക്കാരുമായി തേർഡ് ഐ ന്യൂസ് ലൈവ്; വായനക്കാരുടെ പിൻതുണയ്ക്കു നന്ദി

Spread the love

എഡിറ്റോറിയൽ

2018 മേയ് 15 ന് കൊട്ടും കുരവയും ആർപ്പുവിളികളുമില്ലാതെ ആരംഭിച്ച തേർഡ് ഐ ന്യൂസ് ലൈവിന് ഇന്ന് രണ്ടാം പിറന്നാൾ. വമ്പൻ ഗ്രൂപ്പുകളുടെ പിൻതുണയോ ലക്ഷങ്ങളുടെ നിക്ഷേപമോ ഇല്ലാതെ ആരംഭിച്ച തേർഡ് ഐ ന്യൂസ് ലൈവ് ഇന്ന് സംസ്ഥാനത്തെ ഏതൊരു ഓൺലൈൻ ന്യൂസ് മാധ്യമത്തിനോടും കിടപിടിക്കാവുന്ന തരത്തിൽ വളർന്നിരിക്കുകയാണ്.

ഇരുപതുലക്ഷത്തിലധികം വരുന്ന വായനക്കാരുടെ കരുത്തും, വിവിധ മേഖലകളിൽ നിന്നുള്ള അഭ്യുദയകാംഷികളുടെ പിന്തുണയും പ്രോത്സാഹനവുമാണ് തേർഡ് ഐ ന്യൂസ് ലൈവിനെ  ചുരുങ്ങിയ കാലം കൊണ്ട് ഈ നിലയിലേക്ക് വളർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ വിവിധ മേഖലകളിൽ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ നിർണ്ണായക ഇടപെടലുകൾ വാർത്തയായി നിങ്ങളുടെ മുന്നിലെത്തിയിട്ടുണ്ട്. അഴിമതിയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് തേർഡ് ഐ ന്യൂസ് ലൈവ് കഴിഞ്ഞ വർഷം നടത്തിയത്.  കൈക്കൂലിക്കാരായ നിരവധി ഉദ്യോഗസ്ഥരുടെ മുഖങ്ങൾ വെളിച്ചത്തുകൊണ്ടു വരികയും  ചെയ്തിട്ടുണ്ട്. തേർഡ് ഐ നടത്തിയ ഇടപെടലിന്റെ ഫലമായി ഒരു പരിധി വരെയെങ്കിലും സാധാരണക്കാർക്ക് നീതി വാങ്ങി നൽകാൻ സാധിച്ചതായും ഞങ്ങൾ വിശ്വസിക്കുന്നു.

സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെയാണ് തേർഡ് ഐ നിരന്തരം പോരാട്ടം നടത്തുന്നത്. ആളുകളുടെ ജീവൻ വച്ചു പന്താടുന്ന, പണത്തിനു മുകളിൽ മറ്റൊരു മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത സ്വകാര്യ ആശുപത്രി മാഫിയക്കെതിരെ തേർഡ് ഐ നടത്തിയ നിരന്തര പോരാട്ടത്തിന്റെ കഥകൾ വാർത്തകളിലൂടെ നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട്.

സത്യത്തിനും നീതിയ്ക്കും സാധാരണക്കാർക്കു വേണ്ടിയുമുള്ള തേർഡ്  ഐ ന്യൂസിൻ്റെ പോരാട്ടത്തിൽ വിറളി പൂണ്ട നിരവധി വൻകിട മുതലാളിമാരാണ് തേർഡ് ഐ ന്യൂസ് ലൈവിനെതിരെ കേസും നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് വരെ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ പരാതി നൽയിട്ടുമുണ്ട്.

കേസുകളുടെയും പരാതികളുടെയും എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ചു തന്നെ സാധാരാണക്കാരായ ലക്ഷക്കണക്കിന് വായനക്കാരുടെ പിൻതുണ തേർഡ് ഐ ന്യൂസ് ലൈവിനെ തേടി എത്തുകയാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള വർഷങ്ങളിലും  അഴിമതിക്കും അനീതിയ്‌ക്കുമെതിരെയുള്ള പോരാട്ടത്തിന് തേർഡ് ഐ ന്യൂസ് ലൈവ് മുന്നിലുണ്ടാകൂം. തേർഡ് ഐ ന്യൂസിനെ പിന്തുണയ്ക്കുന്ന ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും നന്ദി!