
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഞാൻ സ്വയം മരിക്കുകയാണ്..! ഇനി ഒരു സ്ത്രീയ്ക്കും ഈ അനുഭവം ഉണ്ടാകരുത്. കോടിമതയിൽ കൊണ്ടോടി പമ്പിനു സമീപത്ത് ദുരൂഹത സാഹചര്യത്തിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് മണിക്കൂറുകൾക്കു ശേഷം മരിച്ച വീട്ടമ്മ അവസാനമായി കരിയിൽ ഭിത്തിയിൽ കുറിച്ച വാചകങ്ങളായിരുന്നു ഇത്. അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ അയ്മനം കുടയംപടി ബി.ടി റോഡ് മതിലകത്ത് താഴ്ചയിൽ കൃഷ്ണകുമാറിന്റെ ഭാര്യ ഗിരിജ (അജിത-53)യാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയും കുടുംബ പ്രശ്‌നങ്ങളുമാണ് ഇവർ ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന സൂചന.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കോടിമത കൊണ്ടോടി വർക്ക്‌ഷോപ്പിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ സ്ത്രീയെ കണ്ടെത്തിയത്. അതിരൂക്ഷമായ ഗന്ധവും പുകയും കണ്ട് പ്രദേശത്ത് ജോലി ചെയ്യുന്നവർ ഓടിയെത്തിയപ്പോഴാണ് അറുപത് ശതമാനത്തിനു മുകളിൽ തീ പൊള്ളലേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം പൊലീസ് എത്തി ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഇവരുടെ മരണം സംഭവിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.സി റോഡരികിൽ കോടിമതയിലെ പമ്പിൽ നിന്നും പെട്രോളും വാങ്ങിയ ശേഷമാണ് സ്ത്രീ കൊണ്ടോടി വർക്ക്‌ഷോപ്പിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേയ്ക്ക് എത്തിയത്. ഇവിടെ എത്തിയ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. പൊള്ളലേറ്റ സ്ത്രീ പെട്രോൾ വാങ്ങിയ പമ്പിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നഗരസഭ അംഗം ഷീജ അനിലിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടയംപടി സ്വദേശിയാണ് എന്നു കണ്ടെത്തിയത്. ഇവർ മുൻപ് കുടയംപടിയിൽ ജനസേവാ കേന്ദ്രം നടത്തിയിരുന്നതായും സൂചനയുണ്ട്. ഇവരുടെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ഇവർ ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന സൂചന.