യുവതിയുടെ കയ്യിലെ വള ഊരിയെടുത്ത് രക്ഷപെടാൻ മോഷ്ടാക്കളുടെ ശ്രമം; ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടിട്ടും പിന്നാലെ എത്തി പൊലീസ് പൊക്കി: തന്ത്രപരമായി കെണിയൊരുക്കിയത് ഈസ്റ്റ് സിഐ
സ്വന്തം ലേഖകൻ
കോട്ടയം: സന്ധ്യ നേരത്ത് ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി മാല ഊരിയെടുക്കാൻ മോഷണ സംഘത്തിന്റെ ശ്രമം. യുവതി ബഹളം വച്ചതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടെങ്കിലും, പൊലീസിന്റെ തന്ത്രപരമായ സമീപനത്തിൽ പ്രതികൾ വലയിലായി. കേസിൽ ഉൾപ്പെട്ട ചിങ്ങവനം സ്വദേശികളായ രണ്ടു പേർ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച രാത്രി ഏഴയരയോടെ പൂവൻതുരുത്ത് പ്ലാമൂട്ടിലായിരുന്നു സംഭവം. ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു യുവതി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവർ. ഇടവഴിയിലേയ്ക്ക് ഇവർ കടക്കാൻ തുടങ്ങിയതും, ഈ സമയം പൊടുന്നനെ ഹെൽമറ്റ് ധരിച്ച രണ്ട് യുവാക്കൾ ഇതുവഴി പാഞ്ഞെത്തി. യുവതിയെ തടഞ്ഞു നിർത്തി. ഇവരുടെ കയ്യിലെ വള ഊരിയെടുക്കാനായി പ്രതികളുടെ ശ്രമം. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതോടെ രക്ഷപെടാനായി പ്രതികളുടെ ശ്രമം. ബൈക്ക് അതി വേഗം സ്റ്റാർട്ട് ചെയ്ത് ചിങ്ങവനം ഭാഗത്തേയ്ക്ക് വളച്ചെടുത്തു. എന്നാൽ , പെട്ടന്ന് ബൈക്ക് ഓഫായി. വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിയെത്തുമെന്ന് ഉറപ്പായതോടെ പ്രതികൾ ഓടി രക്ഷപെട്ടു. സംഭവം അറിഞ്ഞ് ഈസ്റ്റ് സി ഐ സാജു വർഗീസും സംഘവും സ്ഥലത്ത് എത്തി.
ബൈക്കിന്റെ നമ്പർ വച്ച് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികൾ ചിങ്ങവനം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വിവരം ചിങ്ങവനം എസ് ഐ അനൂപ് സി നായർക്ക് കൈമാറി. തുടർന്ന് അനൂപും സംഘവും നടത്തിയ തിരച്ചിലിനൊടുവിൽ മറിയപ്പള്ളി ഭാഗത്ത് വച്ച് പ്രതികളെ പിടികൂടി. രണ്ടു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.