play-sharp-fill
പ്രളയക്കെടുതിയിൽ മുക്കിയ തമിഴ്‌നാട് സഹായം കളക്ടർ പൊക്കി: തലയെണ്ണി നമ്പരിട്ട് ജില്ലാ കളക്ടറുടെ മിന്നൽ സന്ദർശനം; സാധനങ്ങൾ ആവശ്യമുള്ളവരുടെ കയ്യിലെത്തുമെന്ന് കളക്ടറുടെ ഉറപ്പ്; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

പ്രളയക്കെടുതിയിൽ മുക്കിയ തമിഴ്‌നാട് സഹായം കളക്ടർ പൊക്കി: തലയെണ്ണി നമ്പരിട്ട് ജില്ലാ കളക്ടറുടെ മിന്നൽ സന്ദർശനം; സാധനങ്ങൾ ആവശ്യമുള്ളവരുടെ കയ്യിലെത്തുമെന്ന് കളക്ടറുടെ ഉറപ്പ്; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതത്തിൽ മുങ്ങി നിൽക്കുന്ന നാടിന് സഹായമായി തമിഴ്‌നാട്ടിൽ നിന്നെത്തിച്ച സാധനങ്ങൾ മുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെട്ടു. എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ ഗോഡൗണിൽ സന്ദർശനം നടത്തിയ ജില്ലാ കളക്ടർ ഇവിടെയുള്ള വസ്തുക്കൾ ലിസ്റ്റ് ചെയ്ത് ആവശ്യം അനുസരിച്ച് ഓരോ ദുരിതാശ്വാസ കേന്ദ്രങ്ങളിലും എത്തിക്കാൻ നിർദേശിച്ചു. അണ്ടിപ്പരിപ്പുകളും, ബദാമും, വിവിധ തരം പാൽപ്പൊടികളും, ഗോതമ്പും, ആട്ടയും, പുതപ്പും അടക്കമുള്ളവയാണ് രണ്ടു ലോറികളിലായി തമിഴ്‌നാട്ടിൽ നിന്നും എത്തിച്ചത്. ഇത് ആവശ്യക്കാരിലേയ്ക്ക് എത്തിക്കുമെന്നു കളക്ടർ ഉറപ്പു നൽകി. ഇന്നലെ തേർഡ് ഐ ന്യൂസ് ലൈവാണ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തു വി്ട്ടത്.
രണ്ടു ദിവസം മുൻപാണ് തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടു ലോഡ് സാധനങ്ങൾ ജില്ലയിൽ എത്തിച്ചത്. ഈ സാധനങ്ങൾ കഴിഞ്ഞ രണ്ടു ദിവസമായി ഒരു ക്യാമ്പിലും നൽകാതെ എം.ടി സെമിനാരി സ്‌കൂളിൽ പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്തു വിട്ടത്. തുടർന്നു ജില്ലാ ഭരണകൂടം വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു നടപടികളുമായി മുന്നോട്ടു പോയി. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജില്ലാ കളക്ടർ ഡോ.ബി.എസ് തിരുമേനി തന്നെ നേരിട്ട് സഥലത്ത് എത്തി പരിശോധന നടത്തിയത്. തുടർന്നു ഈ സാധനങ്ങൾ പരിശോധിച്ച ജില്ലാ കളക്ടർ ഇതെല്ലാം കൃത്യമായി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും, ഓരോ ക്യാമ്പിലെയും ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കൃത്യമായി വിതരണം ചെയ്യണമെന്നും നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച മുതൽ ഈ സാധനങ്ങൾ വിവിധ ക്യാമ്പുകളിൽ വിതരണം ചെയ്തിട്ടുണ്ടെന്നാണ് സൂചന.
എന്നാൽ, ഇത്തരത്തിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിൽ യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നാണ് റവന്യു വകുപ്പ് നൽകുന്ന വിശദീകരണം. കൃത്യമായി സാധനങ്ങൾ എം.ടി സ്‌കൂളിലെ ഗോഡൗണിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ആവശ്യങ്ങൾക്ക് അനുസരിച്ച് ഓരോ സ്ഥലത്തും ഇത് എത്തിച്ചു നൽകുന്നുണ്ട്. ഇതിനായി വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യു വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, ജില്ലയിലെ ഒരു ക്യാമ്പിൽ പോലും ഇതുവരെ തമിഴ്‌നാട്ടിൽ നിന്നെത്തിച്ച അണ്ടിപ്പരിപ്പോ, പാൽപ്പൊടിയോ പോലുള്ള പോഷക സമൃദ്ധമായ ഭക്ഷണം എത്തിയിട്ടില്ലെന്ന് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നത് യുഎന്നിന്റെ ദുരിതാശ്വാസ പ്രോട്ടോകോളിന്റെ ലംഘനമാകുമെന്ന വാദം ഇതിനിടെ ഒരു വിഭാഗം റവന്യു ഉദ്യോഗസ്ഥർ ഉയർത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ എത്തിച്ച സാധനങ്ങൾ കൃത്യമായ കൈകളിൽ എത്തുന്നുണ്ടെന്നു ജില്ലാ ഭരണകൂടം ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.