play-sharp-fill
തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല, തന്റെ വീട്ടിൽ നിന്ന് യുവതികളാരും ശബരിമലയിൽ പോവില്ല :  എ പത്മകുമാർ

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല, തന്റെ വീട്ടിൽ നിന്ന് യുവതികളാരും ശബരിമലയിൽ പോവില്ല : എ പത്മകുമാർ

സ്വന്തംലേഖകൻ

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിലും എൽ.ഡി.എഫ് കാലിടറി വീണത് സമൂഹത്തിലെ പല പ്രശ്‌നങ്ങളുടെയും പ്രതിഫലനമാകാമെന്നും അക്കൂട്ടത്തിൽ ശബരിമലയും പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. മാത്രമല്ല, എന്റെ വീട്ടിൽ നിന്ന് ഒരു യുവതിപോലും ശബരിമലയിൽ പോവില്ലെന്ന മുൻ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഏത് സർക്കാർ വന്നാലും ഇപ്പോഴത്തെ നിലപാടാകും സ്വീകരിക്കുക. വിധി നടപ്പാക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. എന്നാൽ, ആചാര സംരക്ഷണത്തിന്റെ കാര്യത്തിൽ ദേവസ്വം ബോർഡിന് പിന്നോട്ട് പോകാനാവില്ല. ഒരു കുറവും ഉണ്ടാകാതെ ആചാരങ്ങൾ സംരക്ഷിക്കുകയാണ് ബോർഡിന്റെ കർത്തവ്യമെന്നും പത്മകുമാർ പറഞ്ഞു.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ കാര്യത്തിൽ നിയമം പാസാക്കുമെന്ന് അവർ പറയുന്നത് തട്ടിപ്പാണ്. ഐക്യകേരളം നിലവിൽ വന്നശേഷം യു.ഡി.എഫിന്റെ പല സർക്കാരുകളും അധികാരത്തിൽ വന്നുപോയി. അന്നൊന്നും ശബരിമലയുടെ കാര്യത്തിൽ ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ നിയമനിർമ്മാണം നടത്തുമെന്ന് പറയുന്നത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ്.ശബരിമല വിഷയത്തിൽ സി.പി.എം നേതാക്കൾ പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടാകാം. സി.പി.എമ്മിൽ ആകെ ജയിച്ച ആലപ്പുഴയിലെ സ്ഥാനാർത്ഥി എ.എം.ആരിഫും ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ ദേവസ്വം ബോർഡിന് രാഷ്ട്രീയമില്ല. താൻ സി.പി.എം നോമിനിയാണെങ്കിലും പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് ഇപ്പോൾ രാഷ്ട്രീയമില്ല. രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. മാത്രമല്ല തന്റെ ശൈലി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേക്കുറിച്ചൊന്നും ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ പ്രതികരിക്കുന്നില്ല. നേതാക്കളുടെ ഭിന്നാഭിപ്രായത്തോടും പ്രതികരിക്കാനില്ല എന്നും അദ്ദേഹം പറഞ്ഞു.