തീഹാർ ജയിലിൽ ജയിൽപ്പുളളികൾക്കൊപ്പം താമസിക്കാൻ രണ്ടായിരം രൂപ ; അവസരമൊരുക്കി കേന്ദ്രസർക്കാർ
സ്വന്തം ലേഖിക
ന്യൂഡൽഹി: കൊടും കുറ്റവാളികളും ഭീകരരും മുതൽ ഉന്നത രാഷ്ട്രീയക്കാർ വരെ തടവുപുള്ളികളായ തീഹാർ ജയിലിൽ മറ്റൊരു ‘പുള്ളി’യായി ഒന്നര ദിവസം കഴിയാം, തിരഞ്ഞടുക്കപ്പെട്ട കുറ്റവാളികളുമൊത്ത് രണ്ടു രാത്രി സെല്ലിൽ ഉറങ്ങാം! റേറ്റ്: 2,000 രൂപ! കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ജയിൽ ടൂറിസം എന്ന നൂതന പദ്ധതിയുടെ ഭാഗമായാണ് അവസരം.
400 ഏക്കറിൽ പരന്നു കിടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തീഹാർ ജയിലിനെയും തടവുകാരെയും പറ്റിയുള്ള പൊതുജനങ്ങളുടെ കൗതുകത്തിൽ നിന്ന് വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.വിദേശരാജ്യങ്ങളിൽ ജയിൽ ടൂറിസം നിലവിലുണ്ടെങ്കിലും ജയിൽപ്പുള്ളികൾക്കൊപ്പം അന്തിയുറങ്ങാൻ അനുവദിക്കുന്നത് തീഹാറിൽ മാത്രം. പദ്ധതി അടുത്ത വർഷം ആദ്യം യാഥാർത്ഥ്യമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തടവുകാർക്കുള്ള എല്ലാ നിയമങ്ങളും ‘വിനോദ’തടവുകാർക്കും ബാധകം. തീഹാറിലെ പുള്ളികളുടെ കൂട്ടത്തിൽ ഇന്ത്യൻ മുജാഹിദീൻ തലവൻ യാസിൻ ഭട്കൽ, അധോലോക കുറ്റവാളി ഛോട്ടാ രാജൻ, മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരം തുടങ്ങിയവരുണ്ട്.
നിലവിൽ തെലുങ്കാനയിലെ മേഡക് ജില്ലയിലെ പുരാതന ജയിലിൽ അന്തിയുറങ്ങാൻ ജയിൽ വകുപ്പിന്റെ പദ്ധതിയുണ്ട്. 1796 ൽ ഹൈദരാബാദ് നൈസാമിന്റെ കാലത്ത് പണികഴിപ്പിച്ച മൂന്നേക്കർ വിസ്തൃതിയിലുള്ള ജയിൽ ഇപ്പോൾ മ്യൂസിയമാണ്. ‘ഫീൽ ദ ജയിൽ’ എന്ന പേരിലാണ് ഈ പരിപാടി. ഫീസ് 500 രൂപ.
ടൂറിസ്റ്റിന്റെ ജയിൽ ജീവിതം
1. വൈകിട്ട് അഞ്ചിന് ജയിലിൽ പ്രവേശിക്കാം
2. മൊബൈൽ ഫോൺ അനുവദിക്കില്ല
3. ജയിൽപ്പുള്ളിയുടെ വേഷത്തിൽ സെല്ലിൽ തറയിൽ ഉറങ്ങണം
4. കൃഷി, പാചകം, തയ്യൽ തുടങ്ങിയ ജോലികൾ ചെയ്യാം
5. ഉച്ചഭക്ഷണത്തിനു ശേഷം ജയിൽ ചുറ്റിക്കാണാം
വൈകിട്ട് ജയിൽപ്പുള്ളികളുടെ കലാപരിപാടികൾ
രാത്രി എട്ടിന് വീണ്ടും തടവറയിലേക്ക്
6. രാവിലെ ആറു മണിക്ക് റിലീസ്