കുപ്രസിദ്ധ മോഷ്ടാവ് ഡാനിയേൽ ഡാനി പിടിയിൽ; പിടിയിലായത് ഭവനഭേദനവും, പിടിച്ചുപറിയും, വാഹനമോഷണവും അടക്കം നിരവധി കേസുകളിലെ പ്രതി
സ്വന്തം ലേഖകൻ
വടക്കഞ്ചേരി : പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ കവർച്ച, രാത്രികാലങ്ങളിൽ ഭവനഭേദനം, വാഹനമേഷണം , പിടിച്ചുപറി എന്നിവ പതിവാക്കിയ ഡാനിയേലിനെ വടക്കഞ്ചേരി പോലീസും , പോലീസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
വടക്കഞ്ചേരി കല്ലിങ്കപ്പാടത്ത് രാത്രി ഭവനഭേദനം നടത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തത് , പാലക്കാട് ടൗൺ പരിസരത്ത് സെക്യൂരിറ്റി ജീവനക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും മറ്റും കവർച്ച ചെയ്തത്, ചിറ്റൂരിൽ കരിമ്പിൻ ജൂസ് കടയിലെ സ്ത്രീയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്തത് എന്നീ കേസുകൾ പ്രതി കുറ്റസമ്മതം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം കൊല്ലങ്കോട് പോലീസ് പിടികൂടിയ മോഷ്ടാവ് അമൽജിത്തും ഡാനിയേലും ചേർന്നാണ് ഭവനഭേദനവും , കവർച്ചയും ചെയ്തിട്ടുള്ളത്. വടക്കഞ്ചേരി , കിഴക്കഞ്ചേരി മേഖലയിലെ ലഹരി വിൽപ്പനയിൽ മുഖ്യ കണ്ണിയായ പ്രതി ലഹരി മരുന്ന് വാങ്ങുന്നതിനും , ധൂർത്തിനുമാണ് മോഷ്ടിച്ച് ലഭിക്കുന്ന പണം ഉപയോഗപ്പെടുത്തുന്നത്.
തൃശ്ശൂർ ജില്ലയിലെ വാഹനമോഷണ കേസിൽ പ്രതി മുൻപ് ജയിലിൽ കിടന്നിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
പാലക്കാട് നിന്നും കവർച്ച ചെയത മൊബൈൽ ഫോൺ പ്രതിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് അമൽജിത്തിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
രാത്രി കാലങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തുന്ന പ്രതികൾ കൂടുതൽ മോഷണങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അറിയുന്നതിന് പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൗമാര പ്രായത്തിൽ ജൂവനൈൽ ഹോമിൽ തുടങ്ങിയ ബന്ധമാണ് പ്രതികൾ ഇപ്പോഴും തുടരുന്നത്.
പ്രതിയെ തെളിവെടുപ്പിനും , കോവിഡ് പരിശോധനക്കും ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് ജില്ലാ പോലീസ് മേധാവി R വിശ്വനാഥിന്റെ നിർദ്ദേശാനുസരണം ആലത്തൂർ ഡി.വൈ.എസ്.പി കെ.എം. ദേവസ്യ, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. സി.ഡി.ശ്രീനിവാസൻ , വടക്കഞ്ചേരി ഇൻസ്പെക്ടർ എം.മഹേന്ദ്രസിംഹൻ, എസ്.ഐ. അനീഷ്.എസ് , എ.എസ്.ഐ. ബിനോയ് മാത്യു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കൃഷ്ണദാസ്.ആർ.കെ സൂരജ് ബാബു. യു, ദിലീപ്.കെ. എന്നിവരാണ് കേസന്വേഷണം നടത്തിയത്.