വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തി വീടുകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ; ബാഗിൽ നിന്ന് മാരക ആയുധങ്ങളും പൂട്ട് പൊളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി; ഇയാൾ കോട്ടയത്തെ നിരവധി മോഷണകേസുകളിൽ പ്രതിയെന്ന് പോലീസ്

Spread the love

കോട്ടയം: വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തി വീടുകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശി എഡ്‍വിൻ ജോസാണ് പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളൂരിലെ വിവിധ വീടുകളിൽ എഡ്‍വിൻ ജോസ് മോഷണ ശ്രമം നടത്തിയിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

എഡ്‍വിന്‍റെ ബാഗിൽ നിന്ന് മാരക ആയുധങ്ങളും പൂട്ട് പൊളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. ഇന്നലെ പൈപ്പ്ലൈൻ ഭാഗത്തെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറുന്നതിനിടെ വീട്ടുകാർ ഉണർന്നതാണ് പ്രതിയിലേക്ക് പിടിക്കാൻ സഹായിച്ചത്.

മതിൽചാടി എഡ്‍വിൻ എത്തുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീടിനുള്ളിൽ ലൈറ്റ് ഇട്ടതോടെ പ്രതി ഓടി രക്ഷപെട്ടു. നാട്ടുകാരും പോലീസും രാത്രി മുഴുവൻ ഇയാളെ തേടിയിറങ്ങി. വെള്ളൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും മറ്റ് സ്ഥലങ്ങളിലുമെല്ലാം അരിച്ചുപെറുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ പുലർച്ചെ ഒരു വാഴത്തോട്ടത്തിൽ നിന്ന് ഇയാളെ കണ്ടെത്തി. നാട്ടുകാരും പോലീസും എത്തിയതോട പ്രതി വീണ്ടും ഓടി. പിന്നാലെ കൂടിയ നാട്ടുകാർ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ വീട്ടിലേക്ക് എഡ്‍വിൻ കയറാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

ഇയാൾക്കെതിരെ ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ്, കായംകുളം, തുടങ്ങിയ സ്റ്റേഷനുകളിലായി 25ലധികം മോഷണകേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. റെയിൽ വേ സ്റ്റേഷൻ പരിസരത്തെ വീടുകളിൽ മോഷണം നടത്തി ട്രെയിനിൽ രക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി.