
കരുനാഗപ്പള്ളി: ശതാബ്ദി പിന്നിട്ട ചവറ വിദ്യാഭ്യാസ ഉപജില്ലയിലെ കിഴക്കേ തേവലക്കര യു.പി.എസ് അടച്ചുപൂട്ടൽ നേരിടുന്നു. 105 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളാണ് ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ സ്കൂളിന്റെ ശോചനാസ്ഥക്ക് പ്രധാന കാരണം.
ഐ.ടി വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ ഒരു കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഈ സ്കൂളിന് നാളിതുവരെ ലഭ്യമായിട്ടില്ല. അടച്ചുറപ്പുള്ള ക്ലാസ് റൂം ഇല്ലാത്തതുകാരണം സ്മാർട്ട് ക്ലാസ് റൂം ഈ സ്കൂളിന് അന്യമാണ്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്ന പദ്ധതികൾ നടപ്പാക്കാത്തത് കാരണം 10 വർഷം മുമ്പ് മുന്നൂറിലേറെ കുട്ടികൾ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ 75 കുട്ടികൾ മാത്രമാണ് ഉള്ളത്.
ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകളിലായി മികച്ച നിലവാരത്തോടെ ഉന്നത ബിരുദധാരികളായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നതെങ്കിലും മികച്ച ലാബിന്റെയും കെട്ടിടങ്ങളുടെയും അഭാവം നിമിത്തം സ്കൂളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവാണ് വന്നിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിട്ട കെട്ടിടങ്ങൾ മിക്കവാറും മഴക്കാലത്ത് നിത്യവും ചോർച്ച മാറ്റിയാണ് പഠനം തുടരുന്നത് .105 വർഷങ്ങൾക്കു മുമ്പ് പണിത കെട്ടിടത്തിന് പ്രവർത്തന അനുമതി എല്ലാവർഷവും എൻജിനീയറിങ് വിഭാഗം കണ്ണടച്ചു നൽകുമ്പോഴും പൊട്ടിപ്പൊളിഞ്ഞ ഭിത്തികളും പഴകി ദ്രവിച്ച മേല്കൂരയുമാണ് ഇവിടത്തെ കെട്ടിടങ്ങൾക്ക്.
മുൻവശത്തെ പ്രധാന വാതിലിനൊപ്പമുള്ള മതിലും ഏത് സമയവും നിലം പതിക്കുന്ന സ്ഥിതിയിലാണ്. ക്ലാസിനോടൊപ്പം പഴക്കമുള്ള പഴകിദ്രവിച്ച ഫർണിച്ചറില്‍ ഇരുന്നാണ് കുട്ടികൾ ഇപ്പോഴും പഠനം നടത്തുന്നത്. പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായി സ്കൂളിലെ പൂർവവിദ്യാർത്ഥികൾ സംഭാവന ചെയ്ത കസേരകൾ മാത്രമാണ് ആശ്വാസം.
കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന അടുക്കളയും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇവിടെ ടൈൽസ് പാകി വൃത്തിയാക്കുന്നതിന് പോലും അധികൃതര്‍ ശ്രദ്ധകാണിച്ചിട്ടില്ല.
പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ ഗൃഹസന്ദർശനം വഴി പ്രൈമറി തലത്തിലേക്കും ഒന്നാം ക്ലാസിലേക്കും കൂടുതൽ വിദ്യാർത്ഥികൾ എത്തിയെങ്കിലും സ്കൂളിന്റെ ശോചനീയാവസ്ഥ കാരണം അടുത്ത അധ്യയന വർഷം പഠനം തുടരുമോ എന്നത് തന്നെ സംശയത്തിലാണെന്ന് പി.ടി.എ പ്രസിഡന്റ് മനോജ് പറഞ്ഞു. പുതിയ കെട്ടിടം അനുവദിക്കുമെന്ന് ആറു വർഷം മുമ്പ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ നൽകിയ ഉറപ്പ് ജലരേഖയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.