തെലുങ്കാനയിൽ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം ; നാല് ലോറി തൊഴിലാളികൾ അറസ്റ്റിൽ ; പ്രതികൾ കൊടും ക്രിമിനലുകളെന്ന് പൊലീസ്
സ്വന്തം ലേഖിക
ഹൈദരാബാദ്: ഹൈദരാബാദിലെ യുവ വെറ്റിനറി ഡോക്ടറെ പെട്രോളൊഴിച്ച് കൊന്ന കേസിലെ പ്രതികൾ പിടിയിൽ. കൂട്ട ബലാംത്സംഗത്തിന് ശേഷം
കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനു ബ്ലാങ്കറ്റിൽ പൊതിഞ്ഞ് പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.
സംഭവത്തിൽ 4 പേർ അറസ്റ്റിലായി. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.
ഷംഷാബാദിലെ ടോൾപ്ളാസയ്ക്കടുത്ത് വൈകീട്ട് ആറോടെ സ്‌കൂട്ടർ നിർത്തിയ ഇവർ ഗച്ചിബൗളിയിലേക്ക് പോയി. സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന നാല് ലോറിത്തൊഴിലാളികൾ യുവതിയെ കീഴടക്കാൻ പദ്ധതി ആസൂത്രണം ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെ ടയറുകൾ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോൾ സഹായം വാഗ്ദാനം ചെയ്തു.
തുടർന്ന് ജോളു ശിവ സ്‌കൂട്ടർ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ച് ആളങ്ക പറഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്.
പിന്നാലെ മറ്റ് മൂന്നുപേരും ചേർന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറയുന്നു. പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞു മൃതദേഹം ലോറിയുടെ കാമ്പിനിൽ ഒളിപ്പിക്കുകയും ചെയ്തു. ശേഷം രാത്രിയാണ് മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചത്.
പിറ്റേന്ന് പുലർച്ചെ പാൽവിൽപ്പനക്കാരനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
ടോൾ ബൂത്തിനടുത്തുനിന്നു യുവതിയുടെ വസ്ത്രങ്ങളും ബാഗും ചെരുപ്പും കണ്ടെത്തി. അരികിലായി ഒരു മദ്യക്കുപ്പിയും. 30 കി.മീ. അകലെ രംഗറെഡ്ഡി ജില്ലയിൽ ഒരു പാലത്തിനടിയിലാണ് 70 ശതമാനം കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പത്തു കി.മീ. അകലെ സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ടിരുന്നു.രാത്രിതന്നെ പരാതി നൽകിയെങ്കിലും പോലീസ് ഗൗരവത്തോടെ അന്വേഷിച്ചില്ലെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.