
ഗസ : ഖാൻയൂനുസ്, റഫ പ്രദേശങ്ങളില്‍ 24 മണിക്കൂറിനിടെ നടന്ന കനത്ത ആക്രമണങ്ങളില്‍ 349 പേര്‍ കൊല്ലപ്പെട്ടു. ടാങ്കുകളും ബുള്‍ഡോസറുകളും വൻതോതില്‍ ദക്ഷിണഗസ്സയിലേക്ക് നീങ്ങുകയാണ്. വടക്കൻ ഗസ്സയുമായി ബന്ധിപ്പിക്കുന്ന സലാഹുദ്ദീൻ റോഡ് വഴിയാണ് സൈനികവാഹനങ്ങള്‍ എത്തുന്നതെന്നും റോഡിലൂടെ നീങ്ങുന്ന കാറുകള്‍ക്കും ആളുകള്‍ക്കുംനേരെ വെടിവെപ്പ് തുടരുകയാണെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. വടക്കൻ ഗസ്സയില്‍നിന്നും ഗസ്സ സിറ്റിയില്‍നിന്നും എത്തിയവരടക്കം 18 ലക്ഷം ഫലസ്തീനികള്‍ തിങ്ങിക്കഴിയുന്ന മേഖലയാണ് ദക്ഷിണ ഗസ്സ.
ഇവിടെ ആക്രമണം കനപ്പിച്ച ഇസ്രായേല്‍ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 മേഖലകളിലാണ് തിങ്കളാഴ്ച രാവിലെ ഒഴിഞ്ഞുപോകാൻ അന്ത്യശാസനം ലഭിച്ചത്. ആക്രമണസാധ്യതയുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ പ്രത്യേക ഭൂപടവും വിമാനങ്ങളില്‍നിന്ന് വര്‍ഷിക്കുന്നുണ്ട്. റഫയില്‍ നടന്ന ആക്രമണത്തില്‍ ബാസ്കറ്റ്ബാള്‍ കോര്‍ട്ടിന്റെ വലുപ്പത്തില്‍ കൂറ്റൻ ഗര്‍ത്തം രൂപപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അവശിഷ്ടങ്ങളില്‍നിന്ന് പിഞ്ചുകുഞ്ഞിന്റെതെന്ന് കരുതുന്ന കാലുകളും വസ്ത്രങ്ങളും കണ്ടെടുത്തു. ഖാൻ യൂനുസില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും ദക്ഷിണ മേഖലയില്‍നിന്നടക്കം അഭയാര്‍ഥികളായി എത്തിയവരാണ്. ഇവിടെ വരുംനാളുകളിലും വൻ ആക്രമണം തുടരുമെന്നാണ് സൂചന. ഹമാസ് നേതാവ് യഹ്‍യ സിൻവറിന്റെ നാടുകൂടിയാണ് ഖാൻയൂനുസ്. നിലവില്‍ ഗസ്സയിലെ അഞ്ചില്‍ നാലുപേരും വീടുവിട്ടൊഴിയാൻ നിര്‍ബന്ധിതരായെന്നാണ് റിപ്പോര്‍ട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടെ, ഹമാസ് തടവില്‍ പാര്‍പ്പിച്ചിരുന്ന ആറ് തായ്‍ലൻഡ് സ്വദേശികളായ ബന്ദികളെകൂടി ഞായറാഴ്ച വിട്ടയച്ചു. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സേന നടത്തിയ റെയ്ഡില്‍ 60 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു. ഇതുവരെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 15,899 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.