തേക്കടിയിലെ ഒരു സ്വകാര്യ ലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹതയേറുന്നു
സ്വന്തം ലേഖിക
കോട്ടയം: തേക്കടിയിലെ ലോഡ്ജിൽ താമസിച്ചിരുന്ന കുടുംബത്തിന്റെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു. ഇന്നലെ ഉച്ചയോടെയാണ് പ്രമോദ് പ്രകാശ്, പ്രമോദിന്റെ അമ്മ ശോഭന എന്നിവരെ തൂങ്ങിമരിച്ച നിലയിലും, പ്രമോദിന്റെ ഭാര്യയും തമിഴ്നാട് കാഞ്ചിപുരം സ്വദേശിയുമായ ജീവയെ കൈതണ്ടയിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്. തേക്കടി എൻട്രൻസ് ചെക്ക് പോസ്റ്റിന് സമീപത്തുള്ള രണ്ട് മുറികളിലാണ് ഇവർ താമസിച്ചിരുന്നത്. താഴത്തെ മുറിയിൽ ശോഭനയും, മുകളിലത്തെ മുറിയിൽ പ്രമോദും ജീവയും ഒരുമിച്ചും മൂന്ന് മാസമായി താമസിച്ച് വരികയായിരുന്നു.
ജീവയുടെ മൃതദേഹം കട്ടിലിലും പ്രമോദിന്റെയും ശോഭനയുടെയും ജഡങ്ങൾ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ലോഡ്ജിലെ ഇരുമുറികളിൽ നിന്നുമായി കണ്ടെടുത്ത മൃതദേഹങ്ങൾ പൊലീസ് രാവിലെ പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമാർട്ടത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങൾ ബന്ധുകൾക്കായി വിട്ടുനൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി പത്ത് മണിയോടെ ഹോംസ്റ്റേ ഉടമ അനീഷാണ് ഇവരുടെ മൃതദേഹങ്ങൾ ആദ്യം കാണുന്നത്. ഇരുമുറികളും അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ഒടുവിൽ വാതിൽ പൊളിച്ചാണ് അകത്ത് കടക്കാൻ സാധിച്ചത്. മൃതദേഹങ്ങൾ കണ്ടെത്തുന്ന സമയത്ത്, ഇവർ സ്ഥിരമായി സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും ലോഡ്ജിന് മുൻപിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. സ്ഥലം വാങ്ങുന്നതിന് വേണ്ടിയാണ് ഇവർ ഇവിടേക്ക് എത്തിയതെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇതുവരെ സ്ഥലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ജീവയുടെ ബന്ധുക്കൾ പറയുന്നത്.
പ്രമോദിന് തിരുവനന്തപുരത്ത് വേറെ ഭാര്യയും മക്കളും ഉണ്ടെന്നറിഞ്ഞതിനെ തുടർന്നാണ് പ്രമോദിന്റെ രണ്ടാം ഭാര്യ ജീവ ആത്മഹത്യ ചെയ്തതെന്ന് കരുതപ്പെടുന്നു. ജീവയുടെ ആത്മഹത്യ കണ്ടതിന് ശേഷമാണ് പ്രമോദും അമ്മയും ആത്മഹത്യ ചെയ്തതെന്നും കരുതപ്പെടുന്നു. ജീവയുടെ കൈത്തണ്ടയിൽ കൈ മുറിച്ചതിന്റെ പാടുണ്ട്. കഴുത്തിലും പൊലീസ് പാടുകൾ കണ്ടെത്തി. ഇതാണ് പൊലീസിനെ കുഴക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷമാണോ പ്രമോദും മാതാവും ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ എന്തെങ്കിലും നിഗമനത്തിൽ ഏതാൻ സാധിക്കൂ എന്നാണ് കുമളി സി.ഐ കെ.ബി ജയപ്രകാശ് പറയുന്നത്.