കള്ളൻ കപ്പലിൽ തന്നെ! ശബരിമലയില്‍ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി; പരാതിക്കാരനായ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് പീഠം ദേവസ്വം വിജിലൻസ് കസ്റ്റ‍ഡിയിലെടുത്തു

Spread the love

പത്തനംതിട്ട: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നല്കിയ സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. പരാതിക്കാരനായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നാണ് പീഠങ്ങൾ ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.

സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.

ശബരിമല ദ്വാരപാലക ശില്പങ്ങൾക്ക് സ്വർണ്ണ  പീഠംകൂടി നിർമ്മിച്ചു നൽകിയതായും  ഇവ കാണാതായെന്നും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ആരോപിച്ചിരുന്നു. വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണ്ണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏല്പ്പിച്ചു. 2021 മുതൽ ഇയാളുടെ വീട്ടിലെ സ്വീകരണ മുറിയിൽ പീഠം ഉണ്ടായിരുന്നു എന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. വിഷയത്തിൽ കോടതി ഇടപെട്ടതോടെയാണ് പീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെയേല്പ്പിച്ചത്. ഇക്കഴിഞ്ഞ പതിമൂന്നിന് ഉണ്ണികൃഷ്ണൻ പോറ്റി ഇത് സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഠം കാണാതായെന്ന ആരോപണങ്ങൾക്ക് പിന്നാലെ ഹൈക്കോടതി ഇത് കണ്ടെത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസിനെയാണ് നിയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യംചെയ്യുകയും ഇദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പിന്നാലെ, വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടിൽ പീഠമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഠം കണ്ടെത്തിയത്. കണ്ടെടുത്ത ദ്വാരപാലകപീഠം ദേവസ്വം വിജിലൻസ് കസ്റ്റഡിയിലെടുത്തു.