video
play-sharp-fill
അരനൂറ്റാണ്ടിന്റെ മോഷണ ചരിത്രം: മോഷണം നടത്തും പളനിയിലേയ്ക്കു മുങ്ങും; ഇരുപതു വർഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടന്ന നന്ദൻ പളനിയിൽ കുടുങ്ങി

അരനൂറ്റാണ്ടിന്റെ മോഷണ ചരിത്രം: മോഷണം നടത്തും പളനിയിലേയ്ക്കു മുങ്ങും; ഇരുപതു വർഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് നടന്ന നന്ദൻ പളനിയിൽ കുടുങ്ങി

ക്രൈം ഡെസ്‌ക്

ചാലക്കുടി: അരിമ്പന്നൂർ നന്ദൻ എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ മോഷണങ്ങൾക്ക് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇരുപതാം വയസിലാണ് ആദ്യമായി മോഷണവുമായി രംഗ്ത്തിറങ്ങിയത്. ഇപ്പോൾ പ്രായം 76 ആയി. മെയ് വഴക്കവും, മോഷണ രീതികളും ഈ പ്രായത്തിലും നന്ദന് കൈമോശം വന്നിട്ടില്ല. മോഷ്ടിച്ച് കിട്ടുന്ന പണം ആർഭാട ജീവിതം നടത്തി തീർക്കുന്നതാണ് അന്നത്തെയും ഇന്നത്തെയും രീതി.

ചാലക്കുടിയിലും പരിസരത്തും നിരന്തരം മോഷണം നടത്തി പൊലീസിന് തലവേദനയായ മോഷ്ടാവായ അരിമ്പന്നൂർ നന്ദനെയാണ് ഇപ്പോൾ പൊലീസ് ഒടുവിൽ കുടുക്കിയത്. പളനിയിൽ മുരുക ഭക്തനായി കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം നന്ദനനെ കുടുക്കാൻ പറ്റിയ സന്തോഷത്തിലാണ് ചാലക്കുടി പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന് തലവേദനയായ മോഷണങ്ങൾ ആണ് ചാലക്കുടിയിൽ ഈയിടെ നടന്നുകൊണ്ടിരുന്നത്. നിരന്തര മോഷണങ്ങൾ. അതിനു പിന്നിൽ നന്ദനൻ ആണെന്ന കാര്യത്തിൽ പൊലീസിന് ഒരു സൂചനയും ലഭിച്ചിരുന്നുമില്ല. ചില മോഷണങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ച പൊലീസ് അത് വിശദമായി പരിശോധിച്ചു. ഇതിലുള്ള മുഖം ആരെന്ന അന്വേഷണമായി. ഈ അന്വേഷണമാണ് അരിമ്പൂർ നന്ദനനിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നന്ദനനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. തുടർ അന്വേഷണങ്ങൾക്കായി നന്ദനെ അടുത്ത ദിവസം തന്നെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കുള്ളിൽ നന്ദനൻ അങ്ങിനെ പിടിയിലായിട്ടില്ല. പിടിയിലായ കേസുകളിൽ നിന്നും ഊരിപ്പോന്നിട്ടുമുണ്ട്. ആരോഗദൃഡഗാത്രനാണ് നന്ദനൻ. പ്രായം എഴുപത്തിയാറായി എന്ന് നന്ദനനെ കണ്ടാൽ പറയുകയുമില്ല. ഷട്ടർ ഒക്കെ കുത്തിപ്പൊളിക്കാനും മോഷണം നടത്താനും അതീവ പ്രാവീണ്യമാണ് ഇപ്പോഴും.
പെണ്ണും മദ്യവും ആർഭാട ജീവിതവുമാണ് രീതികൾ. മോഷണത്തിനു ശേഷം മോഷണ മുതലും പണവുമായി നന്ദനൻ നേരെ പഴനിക്ക് തിരിക്കും. പഴനിയിൽ എത്തിയാൽ സാത്വികനായ മനുഷ്യനായി മേലൊക്കെ ഭസ്മം അണിഞ്ഞു നന്ദനൻ പഴനിയിൽ കറങ്ങി നടക്കും. പെണ്ണും മദ്യവുമുള്ള ധൂർത്തുള്ള ജീവിതമാണ് നന്ദനന്റെത്. മോഷണ മുതൽ വിറ്റ് കിട്ടുന്ന പണം ധൂർത്തടിച്ച് നശിപ്പിക്കുകയാണ് നന്ദനന്റെ രീതി.

പകൽ മോഷണം നടത്താൻ ലക്ഷ്യമിട്ട സ്ഥലങ്ങളിൽ കറങ്ങി നടക്കും. പകൽ ലക്ഷ്യം വെച്ച സ്ഥലം വിട്ട് നന്ദനൻ പോവുകയുമില്ല. കടത്തിണ്ണയിൽ രാത്രി ഉറക്കം നടിച്ച് കിടക്കും. ഉറക്കം നടിച്ച് ശ്രദ്ധിക്കുന്നത് പൊലീസ് ജീപ്പിന്റെ വരവും പോക്കും. ഒപ്പം ആളനക്കവും. പാതിരാത്രിയായാൽ കടകളും വീടും ലക്ഷ്യം വെച്ച് നീങ്ങും. മോഷണം നടത്തിയ ശേഷം മുങ്ങും. ഇതാണ് നന്ദനന്റെ രീതി. ഇപ്പോൾ ഇരുപതോളം വർഷങ്ങളുടെ ഇടവേളയിലാണ് മോഷ്ടാവ് കുടുങ്ങുന്നത്.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കടകളുടെ പൂട്ടുകൾ തകർത്ത് മോഷണങ്ങൾ അരങ്ങേറിയിരുന്നു. പോട്ടയിൽ ധന്യ ആശുപത്രിക്ക് സമീപത്തുള്ള സെലക്ട് സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ തകർത്ത് ഒന്നരലക്ഷം രൂപയും കവർന്നതും ഈയിടെ തന്നെ. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. രാത്രി കാലങ്ങളിൽ മഫ്തിയിൽ ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലും പ്രത്യേക പട്രോളിങും പൊലീസ് നടത്തിയിരുന്നു. മോഷ്ടാവായ നന്ദനൻ പക്ഷെ മോഷണം കഴിഞ്ഞ ശേഷം നേരെ പഴനിക്ക് വിടുകയും ചെയ്യും. ഇതോടെയാണ് ചാലക്കുടി പൊലീസ് മോഷണം നടക്കുന്നയിടത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിലേക്ക് എത്താനുള്ള വഴി നോക്കിയത്. മോഷ്ടാവിനെ കണ്ടപ്പോൾ അത് നന്ദനൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നന്ദനൻ ചാലക്കുടിയും പരിസരങ്ങളിലും സജീവമാണെന്ന് പൊലീസിന് മനസിലാവുകയും ചെയ്തു. ഇതോടെയാണ് നന്ദനനെ പിടിക്കാൻ പൊലീസ് പഴനി താഴ്വാരത്തേക്ക് നീങ്ങിയത്.

ഇരുപതാം വയസിൽ മോഷണം തുടങ്ങിയ ആൾ. ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങുന്നതിൽ വിദഗ്ദൻ. പക്ഷെ സിസിടിവി നന്ദനന് വിനയായി. അതുകൊണ്ട് തന്നെയാണ് ഇയാൾ പൊലീസ് വലയിൽ അകപ്പെട്ടതും. സ്വർണം ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ മോഷണമാണ് നന്ദനൻ കേരളത്തിൽ നടത്തിയിരിക്കുന്നത്.