തേർഡ് ഐ ബ്യൂറോ
കോട്ടയം: മുപ്പത് വർഷത്തെ മോഷണപാരമ്പര്യത്തിനിടയിൽ തീവെട്ടിക്കൊള്ളക്കാരൻ ബാബു മോഷണം നടത്താത്ത ജില്ലകളില്ല. മൂന്നു പതിറ്റാണ്ടിന്റെ മോഷണ പാരമ്പര്യത്തിനിടെ നൂറിലേറെ മോഷണക്കേസുകളിൽ പ്രതി ചേർക്കപ്പെട്ട തീവെട്ടിബാബു എന്ന പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം പാരിപ്പള്ളി നന്ദുഭവനിൽ ബാബു (തീവെട്ടി ബാബു -60) മണർകാട് പൊലീസിന്റെ പിടിയിലായി. മണർകാട് പള്ളിയിൽ മോഷണം ലക്ഷ്യമിട്ടെത്തിയ ബാബു, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും ബാഗും മോഷ്ടിച്ച് ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മണർകാട് പള്ളിയ്ക്ക് സമീപത്ത് നിർമ്മാണത്തിലിരുന്ന ആശുപത്രികെട്ടിടത്തിനുള്ളിലായിരുന്നു സംഭവം. ഇവിടുത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് എത്തിയ ബാബു ഇവരുടെ ബാഗുകൾ ആരുമറിയാതെ അടിച്ച് മാറ്റുകയായിരുന്നു. സംഭവം കണ്ട് ഇടപെട്ട ഇതര സംസ്ഥാന തൊഴിലാളികൾ ക്ഷുഭിതരതായി. തുടർന്ന് ഇവർ ബാബുവിന് നേരെ തിരിഞ്ഞതോടെ ഇയാൾ കെട്ടിടത്തിൽ നിന്നും ഇറങ്ങിയോടി.
പിന്നാലെ എത്തിയ തൊഴിലാളികൾ ബാബുവിനെ തടഞ്ഞു വച്ച് പൊലീസിനു കൈമാറി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ തീവെട്ടി ബാബുവാണ് എന്ന് കണ്ടെത്തിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലകളിലായി നൂറിലേറെ മോഷണക്കേസുകൾ ബാബുവിന്റെ പേരിലുണ്ട്. ബാബുവിന്റെ മകൻ നന്ദുവും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. മണർകാട് പള്ളിയിൽ മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയതെന്നാണ് പൊലീസിന്റെ സംശയം. പെരുന്നാളിന്റെ സമയങ്ങളിലെല്ലാം ബാബു ഇവിടെ ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പെരുന്നാൾ സമയത്ത് നടന്ന മോഷണങ്ങളിൽ ഇയാളുടെ പങ്ക് പരിശോധിക്കും. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.